മല്യയെയും നീരവിനേയും ചോക്‌സിയേയും രക്ഷപ്പെടാന്‍ സഹായിച്ചത് മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ എ.കെ ശര്‍മയാണ് മല്യയെ രക്ഷപ്പെടാന്‍ സഹായിച്ചത്. ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ് പി.എന്‍.ബി വായ്പ തട്ടിപ്പ് കേസ് പ്രതികളായ നീരവ് മോദിയേയും, അമ്മാവന്‍ മെഹുല്‍ ചോക്‌സിയേയും രക്ഷപ്പെടാന്‍ സഹായിച്ചതെന്നും ട്വീറ്റ് ചെയ്തു.

ഗുജറാത്ത് കേഡര്‍ ഓഫീസര്‍ ശര്‍മയെ ‘സി.ബി.ഐയിലെ പ്രധാനമന്ത്രിയുടെ ബ്ലൂ ഐഡ് ബോയ്’ എന്നാണ് രാഹുല്‍ ടീറ്റില്‍ വര്‍ണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബാങ്ക് തട്ടിപ്പുകാരനായ മദ്യ വ്യവസായി വിജയ് മല്യയെ രക്ഷപ്പെടാന്‍ സഹായിച്ചതായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മല്യയുമായി കൂടിക്കാഴ്ച നടത്തിയ ജെയ്റ്റ്‌ലി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ ദിവസം ലണ്ടനിലെ കോടതിക്കു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മല്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നിരാകരിച്ച് ധനമന്ത്രി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ രാഹുലിന്റെയും കോണ്‍ഗ്രസിന്റേയും ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ ്‌സ്വാമിയുടെ പ്രതികരണവും പിന്നാലെ വന്നിരുന്നു.