ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിനെ പുകഴ്ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വിശാല പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിനെ പുകഴ്ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യ കണ്ട മികച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയ വ്യക്തിയായിരുന്നു കാന്‍ഷിറാമെന്നും രാഹുല്‍ അനുസ്മരിച്ചു.

ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ എസ്.പി, ബി.എസ്.പി സഖ്യം മികച്ച വിജയം നേടിയതിന് പിന്നാലെയാണ് രാഹുലിന്റെ പുകഴ്ത്തല്‍ എന്നുള്ളത് ശ്രദ്ധേയമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യനിര ഉര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. യു.പി തെരഞ്ഞെടുപ്പ് ഫലം ഇത്തരം ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്. രാഹുലിന്റെ സന്ദേശം ബി.എസ്.പി അധ്യക്ഷ മായാവതിക്കുള്ള സന്ദേശമായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

SHARE