“വാര്‍ത്ത കേട്ട് ഞെട്ടി”; വിശാഖപട്ടണത്ത് ദുരിതശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ വിശാഖ് വാതക ചോര്‍ച്ചയില്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും ആഹ്വാനം ചെയ്ത്‌കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാഖ് വാതക ചോര്‍ച്ചയെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നും. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് പ്രദേശത്തെ ഞങ്ങളുടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ രാഹുല്‍, ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ വെങ്കടപുരത്തെ എല്‍ജി പോളിമര്‍ ഫാക്ടറിയില്‍ നിന്നുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ഇതുവരെ എട്ട് പേര്‍ മരിച്ചതായാണ്‌റിപ്പോര്‍ട്ട്. വിഷവാതകം ശ്വസിച്ച് രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരാകുകയും റിപ്പോര്‍ട്ടുണ്ട്. 170 ഓളം പേരെ വിവധ ആസ്പത്രികളില്‍ ചികിത്സക്കെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിയോടെ ഗോപാലപട്ടണത്തെ എല്‍ജി പോളിമര്‍ ലിമിറ്റഡിലാണ് സംഭവം. അടുത്തുള്ള കോളനികളിലെ ആളുകള്‍ ഉറങ്ങുകയായിരുന്നു. വാതകത്തിന്റെ ഗന്ധം സഹിക്കാതെ തെരുവിലേക്ക് ഓടിയെത്തിയ നിരവധി ആളുകള്‍ റോഡുകളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടികളും വൃദ്ധരും അടക്കം ധാരാളം ആളുകള്‍ അവരുടെ വീടുകള്‍ക്കുള്ളില്‍ ബോധരഹിതരായിട്ടുണ്ടെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സ്വരൂപ റാണി പറഞ്ഞു.

ചോര്‍ച്ച വെങ്കടപുരത്തും ഗോപാലപട്ടണത്തെ മറ്റ് അഞ്ച് ഗ്രാമങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. നിന്ന നില്‍പ്പിലാണ് ആളുകള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുന്നത്. കുഞ്ഞുങ്ങളേയും കൊണ്ട് അമ്മമാര്‍ നിലവിളിച്ചോടുകയാണ്. വിഷവാതകം ശ്വസിച്ച് മൃഗങ്ങളും വായില്‍ നിന്ന് നുരവന്ന് ചാവുന്നുണ്ട്.

പോലീസും സന്നധപ്രവര്‍ത്തരുമെത്തി സമീപത്തെ ഗ്രാമവാസികളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ആളുകളെ തുറസ്സായ ഇടങ്ങങിലേക്ക് മാറ്റി പ്രദേശത്ത് വെള്ളം ചീറ്റി വാതക വ്യാപനം ശമിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ദുരിത നിവാരണ സേന. പോലീസ് വാഹനങ്ങളില്‍ അനൗണ്‍സ്മെന്റ് നടത്തിയാണ് ആളുകളോട് ഒഴിഞ്ഞ്പോകാന്‍ ആവശ്യപ്പെട്ടത്. ആളുകളെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ബസുകളും മറ്റും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പ്ലാന്റ് 40 ദിവസത്തിന് ശേഷം തുറന്നപ്പോളാണ് വിശാഖപട്ടണത്തെ വെങ്കടപുരത്തെ എല്‍ജി പോളിമറില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടാത്. പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയിരുന്ന പ്ലാന്റ് ഇന്ന് പുലര്‍ച്ചയോടെ തൊഴിലാളികളെത്തി തുറന്നു. ഉടന്‍ തന്നെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അനിയന്ത്രിതമായ പൊട്ടിത്തെറിയുണ്ടാകുകയും ചോര്‍ച്ച സംഭവിക്കുകയുമായിരുന്നു. സ്‌പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങള്‍ ഫലമുണ്ടായില്ലെന്ന് ജില്ലാ കളക്ടര്‍ വി.വിനയ് ചന്ദ് പറഞ്ഞു. ദുര്‍ഗന്ധം കാരണം തുടക്കത്തില്‍ പോലീസിന് കോളനികളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുലര്‍ച്ച തന്നെ തലവേദന ഛര്‍ദ്ദി, ശ്വസന പ്രശ്നങ്ങള്‍ തുടങ്ങിയവ ഗ്രാമീണര്‍ക്ക് അനുഭവപ്പെട്ടിരുന്നു. വാതകത്തിന്റെ ഗന്ധത്തിലാണ് പലരും ഉറക്കമുണര്‍ന്നത്. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ മുഴുവന്‍ പുക നിറഞ്ഞിരിക്കുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത എരിച്ചില്‍. ശ്വാസമെടുക്കുമ്പോഴും പ്രശ്നങ്ങളെന്നും ഒരു നാട്ടുകാരന്‍ പറഞ്ഞു. ബൈക്കിലും മറ്റുമായി രക്ഷപ്പെടുന്നതിനിടെ ആളുകള്‍ വഴിയില്‍ കുഴഞ്ഞു വീണു കിടക്കുന്ന ദൃശ്യങ്ങള്‍ പുരത്തുവരുന്നുണ്ട്.