ഇവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍; കോവിഡ് പോരാളികള്‍ക്കായി രാഹുല്‍ ഗാന്ധിയുടെ സന്ദേശം

ന്യൂഡല്‍ഹി: അവശ്യസമയത്ത് രാജ്യത്തിന് വേണ്ടി സേവവനം അനുഷ്ഠിക്കുന്നതാണ് രാജ്യസ്‌നേഹത്തിന്റെ മഹത്തായ രൂപം. ഈ പ്രതിസന്ധി ഘട്ടത്തില്‍ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരായ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്സ്, ആയമാര്‍, നഴ്സുമാര്‍, അംഗനവാടി അധ്യാപകര്‍ എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം സഹായം ആവശ്യപ്പെടുന്ന സമയത്ത് പ്രവര്‍ത്തിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഉന്നതമായ രൂപമെന്നും കോണ്‍ഗ്രസ് എംപി പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഭയവും വ്യാജപ്രചരണവുമാണ് വൈറസിനേക്കാള്‍ അപകടകാരികള്‍. അത്തരമൊരു സമയത്ത് സാമൂഹ്യ പ്രവര്‍ത്തകര്‍ ജനങ്ങളോട് കൊവിഡ് 19ന്റെ അപകടത്തെ കുറിച്ചും അത് വ്യാപിക്കുന്ന വഴിയെ കുറിച്ചും ബോധവത്കരിക്കുന്നത് വളരെ പ്രധാനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ സന്ദേശം വായിക്കാം…

രാജ്യമെമ്പാടുമുള്ള ആശാവര്‍ക്കര്‍മാരും എഎന്‍എം വിഭാഗത്തില്‍ പെടുന്നവരും അങ്കണ്‍വാടി ജീവനക്കാരും ഒരു മഹാമാരിയെ തോല്‍പിക്കാനായുള്ള പോരാട്ടത്തിലാണ്. ആത്മസമര്‍പ്പണത്തോടെ സധൈര്യം സ്വന്തം ജീവന്‍ പണയംവച്ചാണ് ഇവര്‍ മുന്‍നിരയില്‍ നിന്ന് കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുന്നത്.

അവശ്യസമയത്ത് രാജ്യത്തിന് വേണ്ടി സേവവനം അനുഷ്ഠിക്കുന്നതാണ് രാജ്യസ്‌നേഹത്തിന്റെ മഹത്തായ രൂപം. ഈ പ്രതിസന്ധി ഘട്ടത്തില്‍ വെള്ളിവെളിച്ചത്തില്‍ നിന്നൊക്കെ അകന്ന് നമ്മുടെ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍.

വൈറസിനെക്കാള്‍ വലിയ ഭീതി പരത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സമൂഹത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ കോവിഡ് 19 വിതയ്ക്കുന്ന അപകടത്തെക്കുറിച്ചും അത് വ്യാപിക്കുന്നത് എങ്ങനെയെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ നിങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു.

ഒരു രാജ്യമെന്ന നിലയ്ക്ക് ആശാ വര്‍ക്കര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നാം നന്ദി അറിയിക്കണം. ജീവന്‍ പണയം വച്ചുള്ള ജോലിക്കിടയിലും ആശാ വര്‍ക്കര്‍മാര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന് കോവിഡ് കാലം അതിജീവിക്കുന്നതിന് മുന്‍പ് തന്നെ പരിഹാരമുണ്ടാകും എന്നാണ് പ്രതീക്ഷ.

എല്ലാ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ ഞാന്‍ സല്യൂട്ട് നല്‍കുകയാണ്. ഈ മഹാമാരി ഘട്ടത്തില്‍ അവരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.