ന്യൂഡല്‍ഹി: സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ അമിത് ഷാക്കെതിരെ വിധി പറയാനിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിസ് ലോയയെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ ഇന്നലെ അര്‍ധരാത്രി സ്ഥലംമാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
Remembering the brave Judge Loya, who wasn’t transferred.
— Rahul Gandhi (@RahulGandhi) February 27, 2020
ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. കേസ് പരിഗണിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് കോടതിയില്‍ നടന്നത്. ബി.ജെ.പി നേതാക്കള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ കപില്‍ ശര്‍മ അടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ ജഡ്ജി കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആരോപണവിധേയരായ കേസില്‍ വിധിപറയാനിരിക്കെയാണ് ലോയയെ നാഗ്പൂരില്‍ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.