കുടുംബത്തെ അധിക്ഷേപിച്ചയാളോട് മാന്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി; നിറഞ്ഞ കയ്യടിയോടെ സദസ്സ്

സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി പ്രതികരിച്ച് രാഹുല്‍ കയ്യടി നേടിയത്. എതിരഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും സംവാദത്തിനു ശേഷം താങ്കളെ ആലിംഗനം ചെയ്യാന്‍ തനിക്കു കഴിയുമെന്നും വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, ഈ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും നരേന്ദ്ര മോദിക്കു മുന്നില്‍ ഉന്നയിക്കാന്‍ താങ്കള്‍ക്കു കഴിയുമോ എന്ന ചോദ്യവും ഉന്നയിച്ചു.

നെഹ്‌റു കുടുംബം ഇന്ത്യ ഭരിച്ച കാലത്ത് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തിലെ വളര്‍ച്ച, ലോക ശരാശരിയേക്കാള്‍ കുറവായിരുന്നു എന്നും അതിനു ശേഷം വന്‍ വളര്‍ച്ച കൈവരിച്ചു എന്നുമാണ് രാഹുലിനോട് ചോദ്യമുന്നയിച്ച പി.കെ ബസു എന്നയാള്‍ വാദിച്ചത്. ‘2004 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ ഇല്ലേ എന്നാണോ താങ്കള്‍ കരുതുന്നത്?’ എന്ന് രാഹുല്‍ ഗാന്ധി ഇതിനോട് മറുചോദ്യം ചോദിച്ചപ്പോള്‍ ബസുവിന് കൃത്യമായ മറുപടി നല്‍കാനായില്ല. ‘താങ്കള്‍ യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണ്?’ എന്ന രാഹുലിന്റെ ചോദ്യത്തിന്, ‘എന്റെ പുസ്തകം വായിക്കൂ…’ എന്ന് മറുപടി പറഞ്ഞൊഴിയുകയാണ് ബസു ചെയ്തത്.

ഇതിനിടെ മറ്റൊരാള്‍ കോണ്‍ഗ്രസിനെ പുകഴ്ത്തിയും ഇന്ത്യയുടെ നേട്ടങ്ങളെല്ലാം കോണ്‍ഗ്രസ് കാരണമാണെന്ന് അഭിപ്രായപ്പെട്ടും സംസാരിച്ചു.

എന്നാല്‍, ‘നിങ്ങള്‍ രണ്ടാളുടെ അഭിപ്രായങ്ങളും രണ്ട് തീവ്ര നിലപാടുകളാണ്’ എന്നായിരുന്നു ഇതിനോടുള്ള രാഹുലിന്റെ മറുപടി. ‘ഈ സംഭാഷണം ധ്രുവീകരണം എന്താണെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. ഒരാള്‍ കരുതുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ്. മറ്റേയാള്‍ പറയുന്നത്, എല്ലാം കോണ്‍ഗ്രസ് കാരണമാണെന്നും. യഥാര്‍ത്ഥത്തില്‍, ഇന്ത്യയുടെ വിജയം ഇന്ത്യന്‍ ജനത കാരണമായി ഉണ്ടായതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സ്വാതന്ത്ര്യത്തിനും ഉദാരവല്‍ക്കരണത്തിനും അതില്‍ പങ്കൊന്നുമില്ല എന്നു കരുതുന്നവര്‍ അതേപ്പറ്റി ഒരു പുസ്തകം എഴുതേണ്ടതാണ്…’ – രാഹുല്‍ പറഞ്ഞു.

‘എതിരാളികളെ ബഹുമാനിക്കാനും എന്നെ വെറുക്കുന്നവരെ ഇഷ്ടപ്പെടാനുമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഞാന്‍ ഒന്നും നേടിയിട്ടില്ല എന്നു പറയുന്നവരോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. താങ്കളുടെ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, ഞാനതിനോട് വിയോജിക്കുകയും അതിനെതിരെ വാദമുന്നയിക്കുകയും ചെയ്യും, താങ്കളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും. പക്ഷേ, നരേന്ദ്ര മോദി ഒരിക്കലും അത് ചെയ്യില്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്…’

‘നരേന്ദ്ര മോദി നിങ്ങളുമായി സംസാരിക്കുകയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ഇല്ല. എന്നോട് പറഞ്ഞത് മോദിക്കു മുന്നില്‍ പറയാന്‍ താങ്കള്‍ക്ക് കഴിയില്ല. ഈ യോഗത്തിനു ശേഷം ഞാന്‍ താങ്കളെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം താങ്കള്‍ ഒരു അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നു. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു.’

നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ എതിരേറ്റത്.