രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്താന്‍ സാധ്യത; മുരളീധരന്റെ പേര് പ്രഖ്യാപിച്ചു

വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്റെ പേര് ഔദ്യോഗികമായി എഐസിസി പ്രഖ്യാപിച്ചു. മുരളീധരന്‍ നാളെ (തിങ്കളാഴ്ച) നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് മുമ്പാകെയാണ് പത്രിക നൽകുക. അതേസമയം, വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ചയാകും നാമനിര്‍ദേശം നല്‍കുക.

രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് വിവരം. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാംതീയതി വരെ പത്രിക പിന്‍വലിക്കാം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ന് എ.കെ ആന്റണിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേത്തിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കല്‍ ലക്ഷ്യംവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ വരവ്‌