രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്‌: കൊങ്കണ്‍പാതക്ക് സമാന്തരവും മൈസൂരിലേക്കുള്ള എളുപ്പ പാതയുമായ നഞ്ചന്‍കോട്-വയനാട്- നിലമ്പൂര്‍ റെയില്‍വേ ലൈനിനായുള്ള വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു. നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാതയ്ക്ക് പുതിയ ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കേരള റയില്‍വേ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി, രാഹുല്‍ ഗാന്ധി എംപിയെ രേഖാമൂലം അറിയിച്ചു.

നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സംസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ഉള്ള നടപടികള്‍ ഉണ്ടാകുമെന്നും സുരേഷ് അംഗഡി രാഹുല്‍ ഗാന്ധി എംപിയെ അറിയിച്ചുവെന്നും എ.പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. രാഹുല്‍ഗാന്ധി എം.പിക്ക് കേന്ദ്ര റയില്‍വേ സഹമന്ത്രി സുരേഷ് അങ്കഡി കൈമാറിയ കത്തിന്റെ പകര്‍പ്പ് ചന്ദ്രിക ഓണ്‍ലൈനിന് ലഭിച്ചു.

നിലമ്പൂര്‍ നഞ്ചന്‍കോഡ് റയില്‍പ്പാതയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ നേരത്തെ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തെയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതുകൊണ്ട് പൂര്‍ത്തിയായിരുന്നില്ല. റയില്‍പ്പാതയെക്കുറിച്ചുളള രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് കെ.ആര്‍.ഇ.ഡി.സിയെ ചുമതലപ്പെടുത്തിയതായുളള മറുപടി ലഭിച്ചത്. തുടര്‍നടപടികളും ഭൂമി ഏറ്റെടുപ്പും അതിവേഗം പൂര്‍ത്തിയാക്കാന്‍ കര്‍ണാടക, കേരള ചീഫ് സെക്രട്ടറിമാരുടെ ചര്‍ച്ചകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

കൊങ്കണ്‍പാതക്ക് സമാന്തരപാളമായി ഉപയോഗികപ്പെടുത്താന്‍ സാധിക്കുന്ന പാത യാഥാര്‍ത്ഥ്യമാവുമ്പോള്‍ അത് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ബംഗളൂരിവിലേക്കുള്ള എളുപ്പപാതയാവും. റെയില്‍ വേ ഭൂപടത്തിലില്ലാത്ത വയനാടിന് പ്രമുഖ സ്ഥാനം കൊടുക്കുന്ന പാത, മൈസൂരിലേക്കും ബംഗളൂരു വഴി ഹൈദരാബാദിലേക്കുള്ള ഒരു ഐടി കോറിഡോറും കൂടിയാവുമ്പോള്‍ ടൂറിസം സാധ്യതകള്‍ കൂടിയാണ് വര്‍ദ്ധിപ്പിക്കുന്നത്.

നിലവിലെ റെയില്‍പാള ദൂരംവെച്ച് കൊച്ചിയില്‍ നിന്നും മൈസൂരിലേക്ക് 400 കിലോമീറ്ററും ബംഗളൂരിലേക്ക് 130 കി.മീ ലാഭിക്കാനാവുന്നതാണ് പുതിയ പാത. നിലമ്പൂര്‍ മുതല്‍ നഞ്ചന്‍കോഡ് വരേയുളള ദൂരം 236 കിലോമീറ്റര്‍ എന്ന മുന്‍കാലങ്ങളിലെ സര്‍വേ റിപ്പോര്‍ട്ടുകളെ തളളിക്കൊണ്ട് 156 കിലോമീറ്റര്‍കൊണ്ട് നിലമ്പൂരില്‍ നിന്ന് നഞ്ചന്‍കോട് വരെ എത്താമെന്നാണ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നത്. കല്‍പറ്റ വഴിയാണങ്കില്‍ 20 കിലോമീറ്റര്‍ കൂടി അധികം വേണം. ഇതുവഴി കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കുളള യാത്രക്കാര്‍ക്ക് അഞ്ചു മണിക്കൂറെങ്കിലും ലാഭിക്കാനാകും. 3500 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.