വസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍ രാജ്യം നിങ്ങളെ ഓര്‍ക്കും; മോദിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കരെ വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.’വസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍, രാഷ്ട്രം നിങ്ങളെ ഓര്‍ക്കും. രണ്ട് കോടി രൂപ വിലവരുന്ന സ്യൂട്ട് ധരിച്ചത് നിങ്ങളാണ്, അല്ലാതെ രാജ്യത്തെ ജനങ്ങളല്ല.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമം നടത്തിയ ശത്രുക്കള്‍ക്ക് സാധിക്കാത്തതാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘വിദ്യാര്‍ഥികള്‍ക്ക് നേരെ ബുള്ളറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മോദിജി നിങ്ങള്‍ രാജ്യത്തിന്റെ ശബ്ദമാണ് അടിച്ചമര്‍ത്തുന്നതെന്നോര്‍ക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യാഗ്രഹത്തിന് തുടക്കംകുറിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ഭരണഘടനയുടെ ആമുഖം വായിച്ചു. എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഗലോട്ട് എന്നിവരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ സത്യാഗ്രഹം സംഘടിപ്പിച്ചത്.

SHARE