ഇന്ത്യയെ കരുതിയെങ്കിലും മന്‍മോഹന്‍ സിങ്ങിന്റെ ആ ഉപദേശങ്ങള്‍ മോദി സ്വീകരിക്കുമെന്ന് കരുതുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ വിലപ്പെട്ട ഉപദേശം വിനയത്തോടെ അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

‘വളരെ വിലപ്പെട്ട ഉപദേശമാണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ നന്മ ഓര്‍ത്തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം നല്‍കിയ ഉപദേശം വിനയത്തോടെ സ്വീകരിക്കുമെന്ന് കരുതുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

കള്ള പ്രചാരണം നയതന്ത്രത്തിന് പകരമാകില്ലെന്നും അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും നേരത്തെ മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം.

ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലര്‍ത്തണമെന്നും പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞ സിംഗ് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും മോദിയോട് ആവശ്യപ്പെട്ടിരുന്നു.

‘ഇരുപത് ധീര സൈനികര്‍ രാജ്യത്തിനായി അവരുടെ അവസാന ശ്വാസംവരെ പോരാടി. അവരുടെ ത്യാഗം വെറുതെയാകാന്‍ പാടില്ല. ഇപ്പോള്‍ എടുക്കുന്ന ഏതുതീരുമാനവും വരുന്ന തലമുറ വിലയിരുത്തും. പവിത്രമായ ഒരു കടമയാണ് രാജ്യം ഭരിക്കുന്ന നേതൃത്വത്തിന് നിര്‍വഹിക്കാനുള്ളത്. ജനാധിപത്യത്തില്‍ ഈ പരമമായ ഉത്തരവാദിത്തം ഉള്ളത് പ്രധാനമന്ത്രിക്കാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി തന്റെ വാക്കുകളും പ്രഖ്യാപനങ്ങളും രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും തന്ത്രപരമായ താല്പര്യങ്ങളും എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് മനസ്സില്‍വെച്ചുകൊണ്ടുമാത്രമെ സംസാരിക്കാന്‍ പാടുള്ളൂ,” അദ്ദേഹം പറഞ്ഞു.

ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോള്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ വാക്കുകള്‍ മറയാക്കാന്‍ ചൈനയെ അനുവദിക്കരുതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടില്ലെന്ന് മോദി പറഞ്ഞതിന് പിന്നാലെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നുമാണ് മോദി പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയെ പ്രധാനമന്ത്രി ചൈനയുടെ അക്രമത്തിന് മുന്നില്‍ അടിയറവ് വെച്ചു,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നും രാഹുല്‍ ചോദിച്ചിരുന്നു.

SHARE