‘മോദിയെ ആലിംഗനം ചെയ്ത സംഭവം’: പ്രതികരണവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടെ വെറുപ്പില്ലാത്താക്കാനാണ് താന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അവസാന ലോക്‌സഭയിലെ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയുടെ ആലിംഗനത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിന് മറുപടിയുമായി രാഹുല്‍ രംഗത്തെത്തിയത്.

മോദിക്ക് തന്നോട് വെറുപ്പായിരുന്നു. താന്‍ ചെന്ന് കെട്ടിപ്പിടിച്ചതിലൂടെ അതില്ലാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയോ ആര്‍.എസ്.എസോ നമ്മളെ അപമാനിച്ചാല്‍ നമ്മള്‍ സ്‌നേഹം കൊണ്ട് നേരിടണം. മോദിജി തന്നേയും തന്റെ കുടുംബത്തേയും ആക്രമിക്കാറുണ്ട്. കോണ്‍ഗ്രസ്സിനെ നശിപ്പിച്ചു കളയുമെന്നും പറയാറുണ്ട്. എന്നാല്‍ താന്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു.

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ ആലിംഗനം. മോദി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുല്‍ഗാന്ധി വിമര്‍ശനങ്ങള്‍ക്ക് ശേഷം മോദിയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിക്കുകയായിരുന്നു.