മോദിയുടെ മന്‍കിബാത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധിക്കായി പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വീഡിയോ പ്രക്ഷേപണം വരുന്നു. മോദിയുടെ റേഡിയോ പരിപാടിയെ കവച്ചുവെക്കുന്നരീതിയില്‍ ജനങ്ങളുമായി സംവദിക്കാന്‍ കഴിയുന്ന പോഡ്കാസ്റ്റിങ്ങാണ് കോണ്‍ഗ്രസ് നേതാവിനായി ഒരുങ്ങുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോവിഡിനിടെ രാജ്യത്ത് നടപ്പിലായ ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുമായി അടുത്തിടെ രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണം കോണ്‍ഗ്രസ് പ്രക്ഷേപണം ചെയ്തിരുന്നു. യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനകെ ഏഴരലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നേരത്തെ കോവിഡ് വിഷയത്തില്‍ പ്രമുഖരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതായിരുന്നു കിട്ടിയത്. ലോകാരോഗ്യ സംഘടനയിലെ ആരോഗ്യവിദഗ്ദ്ധരായ ആഷിഷ് ഝാ, ജൊഹാന്‍ ഗൈസെക്കെ എന്നിവരുമായി നടത്തിയ ചര്‍ച്ചയും പ്രേക്ഷകരെ നേടിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ സ്പീക്ക് അപ്പ് ഇന്ത്യ ഓണ്‍ലൈന്‍ കാമ്പെയ്നും വലിയ വിജയമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായി ഏകദേശം 5.7 ദശലക്ഷത്തിലധികം ആളുകള്‍ രാഹുലിന്റെ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പങ്കിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക പോഡ്കാസ്റ്റിങ് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് സജീവമാക്കിയത്. പ്രസംഗം മാത്രമല്ലാതെ ജനങ്ങളുമായി സംവദിക്കുന്ന രീതിയിലുള്ള സംവിധാനത്തോടെയാണ് രാഹുലിന്റെ പോഡ്കാസ്റ്റിങ് ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളെ കൊണ്ട് സംസാരിപ്പിക്കുന്ന സ്പീക്ക് അപ്പ് ഇന്ത്യ പോലുള്ള സംവിധാനങ്ങള്‍ വന്നാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണമായ മന്‍കിബാത്തിന് വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്. ഇതിനായി ലിങ്ക്ഡ്ഇന്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളും മുന്‍ കോണ്‍ഗ്രസ് മേധാവിക്കായി പരിഗണയിലുണ്ട്.

അതേസമയം, രാഹുലിന്റെ പോഡ്കാസ്റ്റുകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.