ശുഐബുല്‍ ഹൈതമിയുടെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
ഈ രാജ്യത്തിന്റെ ശരിക്കുമുള്ള കിടപ്പ് ,നില്‍പ്പ് ,ഇരിപ്പ് ,കുനിപ്പ് , മുന്തിപ്പ് , പിന്തിപ്പ് തുടങ്ങിയ സംഗതികളെ കുറിച്ച് കൃത്യമായ ധാരണയുള്ള കര്‍ണ്ണനാണ് ഈ ഭഗത്സിംഗ് .
ഫെബ്രുവരി രണ്ടിന് രാഹുല്‍ഗാന്ധി കൊറോണക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ചൈനയില്‍ പോലും വേണ്ടത്ര കരുതല്‍ എടുത്തിരുന്നില്ല . എന്ത് പറ്റി ഈ രാഹുലിന് എന്ന് അദ്ധേഹത്തിന്റെ ഭക്തര്‍ പോലും ശങ്കിച്ചു അന്നേരം.
രണ്ടാഴ്ച്ച തികയും മുമ്പ് ,സോഷ്യല്‍ മീഡിയ വിടുന്നുവെന്ന ധ്വനിയില്‍ മോദി ആത്മരതിയുടെ നെടുവീര്പ്പുമായി വന്നപ്പോള്‍ ,അതും ഞെക്കിയിരിക്കാതെ കൊറോണയെ കവറാക്കൂ എന്ന് വീണ്ടും പറഞ്ഞു തോറ്റ നെപ്പോളിയന് .
തന്നെ കേള്‍ക്കാന്‍ കാതുള്ളവര്‍ ഇല്ലാതെ പോകുന്നതില്‍ മനം നൊന്ത് കൊണ്ട് തന്നെ,രാജ്യത്തിന്റെ ഖജനാവില്‍ പത്തായപ്പൊടികള് മാത്രമാവും പോസ്റ്റ് കൊറോണിയല്‍ ശിഷ്ടം എന്ന മുന്നറിയിപ്പുമായി വീണ്ടും വരാതിരുന്നില്ല അദ്ദേഹം .
ഒടുവില്‍ ,ഒറ്റവാക്കില്‍ അത് പറഞ്ഞു നിര്‍ത്തി , സുനാമിയേക്കാള്‍ ഭീകരണമാവും കൊറോണ .എത്ര വാസ്തവം .
ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഇന്ത്യയില്‍ കൊറോണ കരുതി വെച്ചത് എന്താണെന്ന് മനസ്സിലാവാന്‍ ഇനിയും വേണം ഒന്നൊന്നര മാസം .
സ്വന്തം രാജ്യത്ത് അന്യരായിപ്പോയ കുടിയേറ്റക്കാര്‍ പ്രാണരക്ഷാര്‍ത്ഥം നാലഞ്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ അകലങ്ങള്‍ കാല്‍നടയായി നടക്കാനായി ഡല്‍ഹിയില്‍ തളം കെട്ടിയപ്പോള്‍ അതിന്റെ ഗൗരവം വായിച്ച ചുരുക്കം ദേശീയ നേതാക്കളിലൊരാളും ഇയാള്‍ തന്നെ .തന്നെ കേള്‍ക്കാത്ത ജനങ്ങളെ ഇന്നോളം കുറ്റപ്പെടുത്താതെ നിഷ്ക്കാമ സമര്‍പ്പണത്തോടെ പറഞ്ഞു കൊണ്ടേയിരിക്കുന്നു ,തോല്‍ക്കാനുള്ള യുദ്ധങ്ങളും നയിക്കേണ്ടതാണെന്ന് വിശ്വസിക്കുന്ന ശുദ്ധമനസ്ക്കന്‍ .
നിര്‍ണ്ണായക സമയത്ത് അയാള്‍ പലപ്പോഴും എവിടെ എന്ന ക്ലീഷേ അദ്ധേഹത്തിന്റെ രീതിയില്‍ കഴമ്പില്ലാത്തതാണ്.
കാരണങ്ങള്‍ ചികിത്സിക്കാതെ വൃണങ്ങളില്‍ മരുന്നിടുന്ന വൈദ്യം ഫലിക്കില്ല എന്നത് തന്നെയാണ് കുറച്ചു കൂടി ശരി.
( ഓരോ മറ്റേ ബാത്ത് കേള്‍ക്കുമ്പോഴും ഇയാള്‍ എനിക്കൊരു നൊമ്പരമാണ് )