രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര; വയനാടില്‍ വിപുലമായ ഒരുക്കങ്ങള്‍

കല്‍പ്പറ്റ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് കല്‍പ്പറ്റയില്‍ നടക്കുന്ന വയനാട് എം.പി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര ചരിത്രവിജയമാക്കാന്‍ ജില്ലയിലെങ്ങും അതിവിപുലമായ ഒരുക്കങ്ങള്‍. ഭരണഘടനക്കെതിരെയുള്ള ഫാസിസ്റ്റ് നീക്കങ്ങളെ തടയാന്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചുവട് പിടിച്ച് ജില്ലയില്‍ നടക്കുന്ന പ്രതിഷേധം വയനാട് കണ്ട ഏറ്റവും വലിയ സമരപരിപാടിയാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തി ഭരണഘടനാ സംരക്ഷണയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. രാജ്യത്തിന്റെ പൊതുമനോഭാവം പ്രകടമാക്കുന്നതായിരിക്കും രാഹുല്‍ ഗാന്ധിയുടെ ഭരണഘടന സംരക്ഷണയാത്രയെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്ര ജനുവരി 30ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്ത് നിന്നും രാഹുല്‍ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് കല്‍പ്പറ്റ നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. പുതിയബസ്റ്റാന്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ച നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ മതേതരത്വവും, ജനാധിപത്യവും, ഭരണഘടനയും അധികാരം ഉപയോഗിച്ച് തകര്‍ക്കുന്ന നടപടികളുമായാണ് ഫാസിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. ഭരണസംഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, രാജ്യത്തിന്റെ മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാഹുല്‍ഗാന്ധി എം പി ജില്ലയില്‍ ഭരണഘടന സംരക്ഷണ യാത്ര നടത്തുന്നത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയും, യാത്രയും വന്‍വിജയിപ്പിക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യം ആഗ്രഹിക്കുന്ന സമയമാണിതെന്നും രാഹുല്‍ മടങ്ങിവരണമെന്ന നേതാക്കളുടെ ആവശ്യം ശക്തമാവുകുന്നതായാണ് വാര്‍ത്തകള്‍. രാജസ്ഥാനിലെ ജയ്പൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന യുവആക്രോഷ് റാലിക്ക് മുന്നോടിയായി നായകന്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനായി ആല്‍ബര്‍ട്ട് ഹാളില്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരേ രാജ്യമെങ്ങും സഞ്ചരിച്ച് വന്‍പ്രചാരണം നടത്തിയശേഷം രാഹുല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി പാര്‍ട്ടിയില്‍ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകാനും സാധ്യതയുണ്ട്.

ഉത്തര്‍പ്രദേശില്‍ ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ചൂണ്ടികാട്ടി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷനെ കണ്ടിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങളെ ക്രൂരമായാണ് പൊലീസ് കൈകാര്യം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ഇരകളെയാണ് പ്രതികളാക്കിയത്. ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എച്ച്.എല്‍ ദത്തുവിനെ എത്തിയത്. പൊലീസ് നിരപരാധികളെ ആക്രമിച്ചു, വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. അതിക്രമങ്ങളുടെ ദൃശ്യങ്ങളും ഫോട്ടോകളും നേതാക്കള്‍ കമ്മീഷന് കൈമാറി.
പൊലീസിനൊപ്പം ചേര്‍ന്ന് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ സമരക്കാരെ ആക്രമിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ വന്‍ പ്രതിഷേധം നടക്കുന്ന യു.പിയില്‍ ജനങ്ങള്‍ക്ക് നേരെ ക്രൂരമായാണ് പൊലീസും സംഘ്പരിവാര്‍ സംഘടനകളും പെരുമാറുന്നത്.
യു.പിയില്‍ പൊലീസ് വെടിവെയ്പ്പില്‍ 20ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരത്വ വിഷയത്തില്‍ വന്‍ പ്രതിഷേധം നടക്കുന്ന സംസ്ഥാനത്ത് മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് ആക്രമണം അഴിച്ചു വിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുമെന്നാണ് ആദിത്യനാഥിന്റെ നിലപാട്.

SHARE