10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ നിന്ന് 10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം. ഭരണപക്ഷം ഈ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്നലെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പത്ത് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.

അതേസമയം, സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഞങ്ങളുടെ 7 എംപിമാരെ ഇന്നലെ ബജറ്റ് സെഷനായി സസ്‌പെന്‍ഡ് ചെയ്തത് ഏത് അടിസ്ഥാനത്തിലാണെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ലെന്ന് കോണ്‍ഗ്രസ് സഭാ നോതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോകസഭയില്‍ ഉന്നയിച്ചു. ഡല്‍ഹി അക്രമത്തെക്കുറിച്ച് ഒരു ചര്‍ച്ച മാത്രമേ ഞങ്ങള്‍ക്ക് ആവശ്യപ്പെട്ടുള്ളൂ. എന്തിനാണ് അതിന് ഇങ്ങനെയൊരു നടപടിയെന്ന് ഞങ്ങള്‍ക്ക് അറിയല്ല. ഇതൊരു ചെറിയ കാര്യമല്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും സ്പീക്കറെ കണ്ടു.

ഡിഎംകെ എംപി ദയാനിധി മാരനും ഇതേ ആവശ്യം ഉന്നയിച്ച് ലോക്‌സഭയില്‍ രംഗത്തെത്തി. സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് എംപിമാരെ തിരിച്ചുവിളിക്കണമെന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഏഴ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കറുത്ത റിബണ്‍ ധരിച്ചാണ് എം.പിമാരുടെ പ്രതിഷേധിച്ചത്. ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ മാര്‍ച്ച് 11 വരെ പിരിഞ്ഞു. ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു.

ഇന്നലെ കോണ്‍ഗ്രസ് എം.പിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹ്നാന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്ജിത് സിംഗ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഈ ബജറ്റ് സമ്മേളനകാലയളവ് മുഴുവനാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റില്‍ ഡല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ സഭ പിരിഞ്ഞിരുന്നു. ഹോളിക്ക് ശേഷം കലാപം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നാണ് സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ള അറിയിച്ചത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. രാജ്യത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവം അടിയന്തരമായി പരിഗണിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ബഹളത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നു.

തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ വലിച്ചുകീറി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ സസ്‌പെന്‍ഷന്‍ നടപടി. ഇന്നലെ ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയുടേതാണ് നടപടി. ഇത് സഭ ശബ്ദവോട്ടോട് കൂടി അംഗീകരിക്കുകയായിരുന്നു.