പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധം രാഹുല്‍ ഗാന്ധി നയിച്ചേക്കും.ഡിസംബര്‍ 27ന് റായ്പൂരില്‍ നടക്കുന്ന ദേശീയ ഗോത്ര നൃത്ത ഫെസ്റ്റിവലില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. അതിന് ശേഷമാണ് ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കുക.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തിയിരുന്നു.കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യാഗ്രഹത്തിന് തുടക്കംകുറിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ഭരണഘടനയുടെ ആമുഖം വായിച്ചു. എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഗലോട്ട് എന്നിവരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.