കുറിക്കുകൊള്ളുന്ന ട്വീറ്റുകള്‍; ട്വിറ്ററില്‍ മോദിക്ക് വെല്ലുവിളിയായി രാഹുല്‍ തരംഗം

ട്വിറ്ററില്‍ നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ നേതാക്കന്‍മാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും കടത്തിവെട്ടി രാഹുല്‍ഗാന്ധിക്ക് മുന്നേറ്റം. അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വൈറലായതോടെ ട്വിറ്ററില്‍ രാഹുല്‍ഗാന്ധി തരംഗമുണ്ടാവുകയായിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി മോദിക്കും കെജ്രിവാളിനും ട്വിറ്ററില്‍ ഏറെ ഫോളോവേഴ്‌സുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയിലെ രാഹുലിന്റെ ട്വീറ്റുകള്‍ മോദിയെകടത്തിവെട്ടുന്നതായിരുന്നു. ഗുജറാത്ത് പര്യടനത്തിനൊപ്പവും അതിനുശേഷവും രാഹുല്‍ നടത്തിയ ട്വീറ്റുകള്‍ കുറിക്കുകൊള്ളുന്നവയായിരുന്നു. ഈ ട്വീറ്റുകള്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. ട്വീറ്റിന് റിട്വീറ്റുകളായി രാഹുല്‍ഗാന്ധി ട്വിറ്ററില്‍ നിറഞ്ഞുനിന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ ഫോളേവേഴ്‌സ് പത്തുലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. ‘മോദിജീ, താങ്കള്‍ ഒരിക്കല്‍കൂടി ട്രംപിനെ ആലിംഗനം ചെയ്യൂ’ എന്ന ട്വീറ്റിന് ഇരുപതിനായിരത്തോളം റിട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതെല്ലാം രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്റെ സ്വീകാര്യതയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

2015-ല്‍ ഡല്‍ഹി തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തിനുശേഷമാണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ തരംഗമാവുന്നത്. കെജ്‌രിവാളിന്റെ ഓരോ ട്വീറ്റിനും 1,665 റിട്വീറ്റുകള്‍ വീതം ലഭിച്ചിരുന്നു. അതേസമയം, മോദിക്ക് ലഭിച്ചിരുന്നതാകട്ടെ 1,342 റിട്വീറ്റുകളുമായിരുന്നു. ഇതെല്ലാം കടത്തിവെട്ടി രാഹുല്‍ഗാന്ധി മുന്നേറുമ്പോള്‍ അന്ധാളിച്ചിരിക്കുകയാണ് ബി.ജെ.പിയുടേയും ആംആദ്മിപാര്‍ട്ടിയുടേയും ഐ.ടി സെല്ലുകള്‍.