വയനാട് മെഡിക്കല്‍ കോളജ് പാര്‍ലമെന്റില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി; ആസൂത്രിത ബഹളത്തില്‍ മുക്കി ഭരണപക്ഷം

കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് എന്നെ തടയുന്നതിനായി പാര്‍ലമെന്റില്‍ ആസൂത്രണ ബഹളത്തിന് രൂപനല്‍കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ചോദ്യോത്തര വേളയ്ക്കിടെ വയനാട്ടിലെ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയം രാഹുല്‍ സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, രാഹുലിന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ കഴിഞ്ഞ ദിവസം രാഹുല്‍ മോദിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ രംഗത്തെത്തുകയായിരുന്നു.

മോദിക്കെതിരേയും ബിജെപിക്കെതിരെയും പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അത് തടയാനായും മോദിയെ സംരക്ഷിക്കാനായും ബിജെപി അംഗങ്ങള്‍ സഭ തടസ്സപ്പെടുത്തുകയും ബഹളംവെച്ച് ചര്‍ച്ച ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്നലെ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ഭരണപക്ഷത്തിന്റെ ആസൂത്രണ ബഹളം ഇന്നും തുടര്‍ന്നതായി രാഹുല്‍ പറഞ്ഞു. വയനാട് അനുഭവിക്കുന്ന ഒരു മെഡിക്കല്‍ കോളേജ് ഇല്ലാത്തതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സഭയില്‍ ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ സംസാരിക്കാനായി എഴുന്നേറ്റത് ബിജെപിക്ക് ഇഷ്ടമല്ലെന്നും അവര്‍ കൂട്ടംകൂടി ബഹളംവെച്ച് തടസപ്പെടുത്തിയതായും രാഹുല്‍ ആരോപിച്ചു. തന്റെ ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണെന്നും അതു മുന്‍കൂട്ടിക്കണ്ട് ബി.ജെ.പി അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലേയെന്നും രാഹുല്‍ ഗാന്ധി മാധ്യങ്ങളോട് ചോദിച്ചു. നിങ്ങള്‍ സഭയിലെ ദൃശ്യങ്ങള്‍ കാണണമെന്നും ആരോപണങ്ങളുടെ വാസ്തവം മനസ്സിലാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സാധാരണഗതിയില്‍ പ്രധാനമന്ത്രിക്ക് ഒരു പ്രത്യേക പദവി ഉണ്ടെന്നും പ്രധാനമന്ത്രിമാരുടെ പെരുമാറ്റത്തിനും ചില പക്വതയൊക്കെ കാണാന്‍ സാധിക്കുമെന്നും അതിലെല്ലാം ഒരു നിലവാരമൊക്കെയുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയുടെ രീതിയില്‍ ഇവയൊന്നും കാണുന്നില്ലെന്നും അദ്ദേഹം ഒരു പ്രധാനമന്ത്രിയുടെ രീതിയിലെല്ല പെരുമാറുന്നതെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നും മാറി സംസാരിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെക്കുകയാണുണ്ടായത്. മറുപടിക്ക് പകരം ന്യായമില്ലാത്ത പരിഹാസത്തിനുമാണ് മോദി മുതിര്‍ന്നത്.

പാര്‍ലമെന്റില്‍ തന്റെ സംസാരത്തിനിടെ ഇടപെട്ട രാഹുലിനെ മോദി പരോക്ഷമായി ട്യൂബ് ലൈറ്റ് എന്നു വിളിച്ച് അധിക്ഷേപിച്ചിരുന്നു. അതിനു മുമ്പ്, രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിയെ ആറു മാസത്തിനുള്ളില്‍ ലാത്തി കൊണ്ട് അടിക്കുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവില്ല എന്ന് അപ്പോള്‍ അദ്ദേഹം മനസ്സിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

തൊഴിലില്ലായ്മ പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് യാതൊരു സൂചനയുമില്ലെന്നത് ഇന്ത്യയിലെ യുവാക്കള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുമെന്ന് രാഹുല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ പരാമര്‍ശിക്കാതെ രകാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണ് പ്രധാനമന്ത്രി നടത്തുന്നത്. എന്നാല്‍ മോദിയെ സംരക്ഷിക്കാന്‍ ബിജെപി പാര്‍ലമെന്റിനെ തടസ്സപ്പെടുത്തുകയും ചര്‍ച്ച തടയുകയും ചെയ്യും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

SHARE