അപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആസ്പത്രിയിലെത്തിച്ച് രാഹുല്‍; പരിചരിക്കുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറല്‍. മധ്യ ഡല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ രാജസ്ഥാന്‍ ദിനപത്രത്തിന്റെ ഉടമ രാജേന്ദ്ര വ്യാസിനെ രാഹുല്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

തല്‍കട്ടോറ സ്‌റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു രാഹുല്‍. അതുവഴി കാറില്‍ കടന്നുപോകുകയായിരുന്ന രാഹുല്‍ ഗാന്ധി പരിക്കേറ്റ രാജേന്ദ്രയെ കണ്ടതോടെ വാഹനം നിര്‍ത്തുകയും അദ്ദേഹത്തെ എയിംസില്‍ എത്തിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ തലയില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. രാഹുല്‍ ഇത് തുടച്ചുകൊടുക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒഡീഷയില്‍ തന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ കാല്‍തെന്നി വീണപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ച രാഹുല്‍ഗാന്ധിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. വിമാനത്താവളത്തില്‍ രാഹുലിനെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ തിരക്കിനിടയില്‍ കാല്‍തെന്നി വീഴുകയായിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി പടവുകളിറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.

SHARE