രാഹുലിന്റെ സഹായം മലപ്പുറത്തിനും കോഴിക്കോടിനും കൈമാറി

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ സജീവ പിന്തുണയുമായി രംഗത്തെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ സഹായം മലപ്പുറത്തുമെത്തി. ഇതിന്റെ ആദ്യ ഘട്ടമായി ആവശ്യസാധനങ്ങളായി കേരളത്തിലെത്തിച്ച തെര്‍മല്‍ സ്‌കാനറുകള്‍ അടക്കം രാഹുല്‍ ഗാന്ധി യുടെ സഹായം മലപ്പുറം ജില്ലയ്ക്ക് ബുധനാഴ്ച കൈമാറി. കൊവിഡ് 19 പ്രതിരോധ നടപടികളില്‍ ഉപയോഗപ്പെടുത്തുന്നതിനായി രാഹുലിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ എ.പി അനില്‍ കുമാര്‍ എംഎല്‍എയാണ് ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന് കൈമാറിയത്.

കോവിഡ് സ്ഥിരീകരിച്ച സമയത്ത് രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തിലെ ജില്ലാ കലക്ടര്‍മാരോട് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആവശ്യപ്പെട്ടപ്രകാരമാണ് ആദ്യഘട്ട സഹായമെന്ന നിലയില്‍ പ്രതിരോധ സാമഗ്രികള്‍ നല്‍കിയത്.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി 20000 മാസ്‌കുകള്‍, 1000 ലിറ്റര്‍ സാനിറ്റൈസറുകള്‍, 50 തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയ സഹായമാണ് രാഹുലില്‍നിന്നും ഇതുവരെ ലഭിച്ചത് . നേരത്തെ, കൊവിഡ് 19 മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാട് മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു. വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനാണ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയ്ക്ക് കൈമാറിയത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ ടി.സിദ്ദിഖാണ് ജില്ലാ അഡീഷണല്‍ മജിസ്‌ട്രൈറ്റ് രോഷ്‌നി നാരായണന് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മറ്റ് സാധനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.