‘മോദിയോട് ആ ചോദ്യം ചോദിക്കാന്‍ ധൈര്യമുണ്ടോ’, വിമര്‍ശകന്റെ വായടപ്പിച്ച് രാഹുല്‍ഗാന്ധി

സിംഗപൂര്‍: തന്നെ വിമര്‍ശിച്ച മോദി ആരാധകന്റെ വായടപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. താങ്കളുടെ കുടുംബം ഇന്ത്യ ഭരിക്കുമ്പോഴെല്ലാം രാജ്യത്തെ ആളോഹരി വരുമാനം കുറയുന്നുണ്ടെന്നും ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുന്നുണ്ടെന്നും ഇതിന്റെ കാരണമെന്താണെന്നുമായിരുന്നു വിമര്‍ശകന്റെ ചോദ്യം. ഇതേ ചോദ്യം താങ്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി.

ഇതോടെ പ്രതിരോധത്തിലായ വിമര്‍ശകന്‍ മറുപടിയോ മറുചോദ്യങ്ങളോ ഇല്ലാതെ മൗനം പാലിച്ചു. സിംഗപൂരില്‍ നടന്ന ഒരു സംവാദത്തിനിടെയായിരുന്നു എഴുത്തുകാരന്‍ കൂടിയായ യുവാവിന്റെ ചോദ്യം.

വിമര്‍ശിക്കുന്നവരെയും സ്‌നേഹിക്കുകയെന്നതാണ് താന്‍ പഠിച്ച രീതി. താന്‍ ഇതുവരെ ഒന്നും നേടിയിട്ടില്ല, ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല എന്ന് വിമര്‍ശിക്കുന്നവരോട് ശത്രുതയില്ല. താങ്കളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം താന്‍ നല്‍കാം. എന്നാല്‍ ഇതേ ചോദ്യം നരേന്ദ്രമോദിയോട് ചോദിക്കാന്‍ ധൈര്യം കാണിക്കുമോ എന്നായിരുന്നു രാഹുല്‍ ചോദിച്ചത്. രാഹുലിന്റെ പൊടുന്നനെയുള്ള ഉത്തരത്തിന് സദസ്സ് കൈയടിച്ചെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് എന്തു സംഭാവന നല്‍കിയെന്നു വിശദീകരിച്ച ശേഷമാണ് രാഹുല്‍ വേദി വിട്ടത്.

SHARE