നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയമാണെന്ന് നാല് രാജ്യങ്ങളുടെ ഉദാഹരണം നല്‍കി തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ പ്രതിസന്ധി മറ്റുരാജ്യങ്ങളില്‍ ശമിക്കുമ്പോള്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞും കുത്തനെ ഉയരുന്നത് വ്യക്തമാക്കുന്ന ഗ്രാഫ് പുറത്തുവിട്ടാണ് രാഹുലിന്റെ ട്വീറ്റ്.
മോദി സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ട്വീറ്റിലൂടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ മറ്റു രാജ്യങ്ങളിലെ കൊറോണ കേസുകളുടെ ഗ്രാഫും ആ രാജ്യത്ത് ലോക്ക്ഡൗണ്‍, അണ്‍ലോക്ക് രീതിയും ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയുമായി താരതമ്യപ്പെടുത്തി പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയാണെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
രാജ്യത്ത് രോഗം വ്യാപനം നടക്കാത്ത സമയത്ത് ഒരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ അസ്ഥാനത്തായെന്ന് വ്യക്തമാക്കുന്നതാണ് ഗ്രാഫ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് വൈറസ് വ്യാപനം രണ്ടു ലക്ഷംകടക്കുന്ന നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി പരിമിതപ്പെടുത്തി അവസ്ഥയിലാണിപ്പോള്‍ രാജ്യം.
മുന്നറിയിപ്പില്ലാത്ത സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ രീതിയേയും പദ്ധതികളില്ലാത്ത അണ്‍ലോക്ക് രീതിക്കുമെതിരെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നേരത്തെതന്നെ ശക്തമായി എതിര്‍ത്തിരുന്നു.