യെസ് ബാങ്ക് പ്രതിസന്ധി; പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടി നിക്ഷേപകര്‍; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ യെസ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്ക് നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടുന്നു. രാജ്യത്താകെ യെസ് ബാങ്ക് എടിഎമ്മുകള്‍ക്ക് മുന്നിന്‍ വന്‍ വരിയാണ് രൂപപ്പെടുന്നത്.

പരമാവധി പിന്‍വലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജനപ്പെടുത്തിയതോടെയാണ് പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എടിഎമ്മില്‍ തിരക്കുകൂട്ടുന്നത്. നിരവധി എടിഎമ്മുകള്‍ കാലിയായി നിലയാണ്. എന്നാല്‍ പിന്‍വലിക്കാനെത്തിരയവരില്‍ മിക്കവാറുംപേര്‍ അറിഞ്ഞില്ല എടിഎം കാലിയാണെന്ന്. എടിഎമ്മില്‍ പണമില്ലെന്നകാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന് പലരും ആക്ഷേപമുന്നയിച്ചു. പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ബാങ്കില്‍ നിന്ന് പണം ലഭിക്കുന്നതുവരെ പോകില്ലെന്നാണ് പറയുന്നത്.

യെസ് ബാങ്ക് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോ യെസ് ബാങ്ക്. മോദിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചു, രാഹുല്‍ പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആര്‍ബിഐയാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. നിയന്ത്രണംഏര്‍പ്പെടുത്തിയതോടെ സേവിങ്‌സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളില്‍നിന്ന് 50,000 രൂപയില്‍കൂടുതല്‍ നിക്ഷേപകര്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കില്ല. 30 ദിവസത്തേയ്ക്കാണ് നടപടി. ബാങ്കിങ് നിയന്ത്രണ നിയമം 45ാംവകുപ്പുപ്രകാരം റിസര്‍വ് ബാങ്കാണ് നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ താത്പര്യംമുന്‍നിര്‍ത്തി ബാങ്കിനെ അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്.

വ്യാഴാഴ്ചയാണ് മൊറട്ടോറിയം നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ബാങ്ക് ലയനമാണ് ഉദ്ദേശം. പുനഃസംഘടനയുണ്ടാവുന്നതിനുള്ള സാധ്യതയും ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആര്‍.ബി.ഐ. അറിയിച്ചു.