രാഹുലിന്റെ ‘ന്യായ’വും സി.പി.എമ്മിന്റെ അന്യായവും


പി.ഇസ്മായില്‍ വയനാട്
ദാനധര്‍മ്മത്തിന്റെ മഹത്വം സംബന്ധിച്ച് ഒരു ഉപദേശി മനോഹരമായി പ്രസംഗിച്ചു. കേള്‍വിക്കാരിലൊരാള്‍ ഉപദേശിയോട് ചോദിച്ചു. നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെങ്കില്‍ ഒന്ന് അയല്‍വാസിക്ക് കൊടുക്കുമോ? ഉപദേശി പറഞ്ഞു. തീര്‍ച്ചയായും കൊടുക്കും. കേള്‍വിക്കാരന്റെ അടുത്ത ചോദ്യം. നിങ്ങള്‍ക്ക് രണ്ട് കുതിര ഉണ്ടെങ്കില്‍ എന്തു ചെയ്യും ഉപദേശി പറഞ്ഞു. എന്തിനു സംശയിക്കുന്നു. ഒന്ന് തീര്‍ച്ചയായും കൊടുക്കും. കേള്‍വിക്കാരന്റെ അവസാന ചോദ്യം ഇതായിരുന്നു. നിങ്ങള്‍ക്ക് രണ്ട് കോഴിയുണ്ടെങ്കില്‍ ഒന്ന് അയല്‍വാസിക്ക് കൊടുക്കുമോ. ഉപദേശിയുടെ മറുപടി ഇല്ല എന്നായിരുന്നു. അതെന്താ കാരണമെന്ന് തിരക്കിയ കേള്‍വിക്കാരനോടായി ഉപദേശി പറഞ്ഞു. എന്റെ കയ്യില്‍ കുതിരയുമില്ല. പശുവുമില്ല.പക്ഷേ എന്റെ കയ്യില്‍ കോഴിയുണ്ട്. അത് ഞാന്‍ ആര്‍ക്കും കൊടുക്കില്ലന്ന് പറഞ്ഞ് അയാള്‍ ധ്യതിയില്‍ നടന്നു നീങ്ങി. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ചേര്‍ന്ന് സി പി എമ്മിന്റെ പ്രകടനപത്രിക സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ ഉപദേശിയുടെ ദാന പ്രസംഗം ഓര്‍ക്കാത്തവര്‍ വിരളമായിരിക്കും.
2016 ഏപ്രില്‍ 20നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ സി പി എം പ്രകടനപത്രിക പുറത്തിറക്കിയത് .35 വിഷയങ്ങളില്‍ നയവും 650 ഓളം കാര്യങ്ങളില്‍ പരിഹാരങ്ങളും പറഞ്ഞു കൊണ്ടുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അധികാരത്തിലേറി മധു വിധു കഴിയും മുമ്പേ ജലരേഖയായി മാറി. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റമില്ല എന്ന മുഖ്യ വാഗ്ദാനം ജനങ്ങളിലെത്തിച്ച പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് വരെ പിന്നീട് പല പ്രാവശ്യം വില വര്‍ദ്ധിക്കുകയുണ്ടായി. കേരളത്തില്‍ റേഷന്‍ മണ്ണെണ്ണയുടെ അളവും പഞ്ചസാരയുടെയും ഗോതമ്പിന്റെയും തൂക്കവും സി പി എമ്മിന്റെ ഭരണകൂടമാണ് വെട്ടി ചുരുക്കിയത് .റേഷന്‍ വിതരണം പിണറായി ഭരണത്തില്‍ പലകുറി താളം തെറ്റുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ഒരു ദിവസം പോലും റേഷന്‍ മുടങ്ങുകയോ റേഷന്‍ കടകള്‍ അടച്ചു പൂട്ടി കടയുടമകള്‍ക്ക് സമരം നടത്തുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.ബി പിഎല്ലുകാര്‍ക്ക് തുടക്കത്തില്‍ ഒരു രൂപയ്ക്ക് അരിയും എ പി എല്ലുകാര്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരിയും വിതരണം ചെയ്യാനും അഞ്ചാം വര്‍ഷത്തില്‍ ബിപിഎല്ലുകാര്‍ക്ക് സൗജന്യ റേഷന്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനും യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു.
റേഷന്‍ കടകളുടെ ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ അരിക്കും ഗോതമ്പിനും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ വില വര്‍ദ്ധിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. റേഷന്‍ ഉടമകളുടെ വരുമാന വര്‍ദ്ധനക്ക് വേണ്ടിയാണ് ദരിദ്ര നാരായണന്‍മാരുടെ പിച്ചചട്ടിയില്‍ സര്‍ക്കാര്‍ കൈകടത്തിയത്.14 .78 ലക്ഷം കാര്‍ഡുടമകളില്‍ 5.9 ലക്ഷം പേര്‍ക്ക് മാത്രമാണിപ്പോള്‍ സൗജന്യ റേഷന്‍ ലഭിക്കുന്നത്. അര്‍ഹരായലക്ഷകണക്കിന് കാര്‍ഡുടമകളെയാണ് സൗജന്യ റേഷന്‍ ആനുകൂല്യത്തില്‍ നിന്നും വെട്ടിനിരത്തിയത്.മറ്റു സംസ്ഥാനങ്ങളിലൊരിടത്തും റേഷന്‍ നവീകരണത്തിന്റെ പേരില്‍ റേഷന്‍ ഉപഭോക്താക്കളില്‍ നിന്നും നയാ പൈസ പോലും ഈടാക്കിയിട്ടില്ല. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി തലവരിയായി നൂറ് രൂപ നിശ്ചയിച്ചതും ഇക്കൂട്ടര്‍ തന്നെയാണ്. കേരളീയര്‍ വര്‍ഷങ്ങളോളം നടത്തിയ പോരാട്ടത്തിന്റെ ഫലമായി നാടാകെ തലയെടുപ്പോടെ നിലകൊള്ളുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം താറുമാറാക്കിയവരാണിപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പ്രകടനപത്രികയില്‍ 35 കിലോ ഭക്ഷ്യധാന്യത്തെ കുറിച്ച് വാചാലരാവുന്നത്.
കര്‍ഷകരുടെ പേരില്‍ പ്രകടനപത്രികയില്‍ ഊറ്റം കൊള്ളുന്നവരുടെ ഭരണത്തിലാണ് നിത്യേന കര്‍ഷകര്‍ കയറെടുക്കുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കര്‍ഷക ആത്മഹത്യകള്‍ ക്ഷണിച്ചു വരുത്തിയിട്ടുള്ളത്. കേന്ദ്രം വെച്ചു നീട്ടിയ 417.63 കോടി രൂപില്‍ 251. 32 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്.പ്രളയബാധിത മേഖലയിലെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പാ തിരിച്ചടവിന്റെ പേരില്‍ ജപ്തി നോട്ടീസുകള്‍ അയക്കാന്‍ പാടില്ലന്ന സര്‍ക്കാര്‍ തീരുമാനം മുഖവിലക്കെടുക്കാത്ത ബാങ്കുകള്‍ക്ക് നേരെ ചെറുവിരലനക്കാന്‍ പോലും ഇന്നോളം ഭരണകൂടം തയ്യാറായിട്ടില്ല. ഒരു വര്‍ഷത്തേക്ക് കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ജപ്തി നടപടികള്‍ മൂലമാണ് കര്‍ഷകര്‍ തൂങ്ങി മരിക്കുന്നത്.
കാര്‍ഷികേതര വായ്പകള്‍ക്ക് കൂടി മൊറട്ടോറിയം അജണ്ടയാക്കി മന്ത്രിസഭാ യോഗം ചേരുകയുണ്ടായി. തീരുമാനം ചെണ്ടകൊട്ടി വിളംബരം നടത്തിയിട്ടും കര്‍ഷകരുടെ കാര്യത്തില്‍ മാത്രം ഫലമുണ്ടായില്ല. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങണമെന്ന നിയമമാണ് കൃഷിക്കാരുടെ കാര്യത്തില്‍ അട്ടിമറിക്കപ്പെട്ടത്.പാറ ഖനനത്തിന് അനുമതി നല്‍കി കൊണ്ടുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിന് ഒരു ദിവസത്തെ കാത്തിരിപ്പിനു പോലും ഇടം നല്‍കാതെ കൃത്യസമയം ഉത്തരവിക്കി ദൂസ്വാമിമാരെയും പാറ മുതലാളിമാരെയും പ്രീതിപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ കൂട്ടത്തോടെ എഴുതി തള്ളുമ്പോഴാണ് ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന ചുവപ്പ് മന്ത്രം ഉരുവിടുന്ന പിണറായിയുടെ തട്ടകത്തില്‍ കാര്‍ഷിക കടത്തിന്റെ പേരില്‍ ആത്മഹത്യകള്‍ നടമാടുന്നത്. മഹാരാഷ്ട്രയില്‍ കര്‍ഷക വിഷയത്തില്‍ ലോങ്ങ് മാര്‍ച്ച് നടത്തിയവരാണ് ഇവിടെ കര്‍ഷകര്‍ക്ക് നേരെ മുഖം തിരിക്കുന്നത്.കേന്ദ്ര സഹായങ്ങള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാത്തവരും കൃഷി നാശവും ഉത്പാദന കുറവും വില തകര്‍ച്ചയും കൊണ്ട് പാടുപെടുന്ന കര്‍ഷകര്‍ക്കായി സഹായഹസ്തങ്ങള്‍ വെച്ച് നീട്ടാത്തവരുമാണ് താങ്ങു വിലയെ കുറിച്ച് വാഗ്ദാനങ്ങള്‍ നിരത്തുന്നത്. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള 5 കോടി നിര്‍ധനര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പു വരുത്തുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് (ന്യൂനതം ആയ് യോജന ) പദ്ധതിയെ പറ്റി രാജ്യം ചര്‍ച്ച ചെയ്യുമ്പോഴാണ് സി പി എം പ്രതിമാസം 18000 രൂപ എന്നഅന്യായം ആവര്‍ത്തിക്കുന്നത്.
ദേശീയ പാര്‍ട്ടി എന്ന മേല്‍വിലാസം പോലും ത്രാസില്‍ തൂങ്ങി കളിക്കുന്ന സി പി എമ്മുകാരാണ് മോഹന വാഗ്ദാനങ്ങള്‍ നിറഞ്ഞ പ്രകടനപത്രികയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇലക്ഷന്‍ കമ്മീഷന്റെ ദയാദാക്ഷ്യണ്യത്തിലാണ് ഇപ്പോള്‍ സി പി എം ദേശീയ പാര്‍ട്ടി എന്ന പദവി പോലും നിലനിര്‍ത്തുന്നത്.വി.പി.സിംഗ്.ദേവഗൗഡ.ഐ.കെ ഗുജ്‌റാള്‍.ചന്ദ്രശേഖര്‍ തുടങ്ങിയ പ്രധാനമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ സി പി എമ്മിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ഒന്നാം യു പി എ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതിലും സി പി എമ്മിന് കാര്യമായ റോളുണ്ടായിരുന്നു. സോമനാഥ് ചാറ്റര്‍ജി എന്ന പ്രഗത്ഭനായ പാര്‍ലിമെന്റേറിയനെ ലോക്‌സഭാ സ്പീക്കറായും എ കെ ജിയെ പ്രതിപക്ഷ നേതാവായും വാഴിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില മിന്നലാട്ടങ്ങള്‍ നടത്താനും അവര്‍ക്ക് സാധിച്ചിരുന്നു.2004 ല്‍ കോണ്‍ഗ്രസ്സ്.ബി.ജെ.പി. എന്നീ പാര്‍ട്ടികള്‍ക്ക് തൊട്ടു പിറകില്‍ 42 സീറ്റുമായി ഇന്ത്യയിലെ മൂന്നാമത്തെ കക്ഷി എന്ന പൊളിറ്റിക്കല്‍ ഗ്രാഫും സി പി എമ്മിനുണ്ടായിരുന്നു.2009 ല്‍ 16 സീറ്റും 2014ല്‍ 9 സീറ്റുമായി സി പി എം നിലംപരിശാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടിട്ടുള്ളത്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും സി പി എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുകയും ജയിക്കുന്നവരുടെ അംഗബലം കുറയുകയുമാണുണ്ടായിട്ടുള്ളത്.
കേരളം അവരെ സംബന്ധിച്ചടുത്തോളം കാടാറുമാസം നാടാറുമാസം എന്ന മട്ടിലാണെങ്കില്‍ ആന കുത്തിയാലും ഇളകാത്ത കോട്ടകളായിരുന്ന ബംഗാളിലെയും ത്രിപുരയിലെയും അടി കല്ലുകള്‍ക്ക് പോലും ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ഒരാള്‍ പോലും അവിടെ നിന്നും ജയിച്ചു കയറാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ശത്രുവാണെന്ന മിഥ്യാ ധാരണയില്‍ സ്വന്തം നിഴലിനോടും കാറ്റാടി യന്ത്രങ്ങളോടും യുദ്ധം ചെയ്ത ഡോണ്‍ക്വിക് സോട്ടിനെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി പി എം നടത്തിയ നിഴല്‍ യുദ്ധമാണ് ഈ തകര്‍ച്ചയുടെ അടിസ്ഥാനം. ഭരണം കയ്യാളുന്ന കേരളത്തില്‍ പോലും നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണിപ്പോള്‍ അധികാരത്തിന്റെ നാല അയലത്തുപോലുമെത്താത്ത ഡല്‍ഹിയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് വീമ്പ് പറയുന്നത്. കുണ്ടില്‍ കിടക്കും തവള കുഞ്ഞിന് കുന്നിന്‍ മീതെ പറക്കാന്‍ മോഹം എന്നതുപോലെ ഡല്‍ഹിയിലെ ഭരണവും സി പി എമ്മുകാരുടെ വ്യാമോഹം മാത്രമാണ്..

SHARE