മോദിയെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി; ‘സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്രപേരെ ബിജെപി ജയിലിലടച്ചു’

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം ചോദിച്ചു. ഗുജറാത്തിലെ ഭറൂച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണ വേട്ട പറഞ്ഞ് അധികാരത്തിലേറിയ മോദിക്ക് എത്ര പേരെ വെളിച്ചത്തു കൊണ്ടുവരാനായെന്ന് തെളിയിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ‘വിജയ് മല്യയെ നോക്കൂ. അദ്ദേഹം ലണ്ടനില്‍ ജീവിതം ആഘോഷിക്കുകയാണ്. മോദിജി എന്താണ് ചെയ്തത്?, രാഹുല്‍ ചോദിച്ചു. ടാറ്റ, നാനോ പോലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോടി കണക്കിന് രൂപ ലോണ്‍ നല്‍കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ദുരിതമനുഭവിക്കുന്ന ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ല. അവര്‍ ഇന്നും ദുരിതമനുഭവിക്കുകയാണ്. ടാറ്റക്ക് നല്‍കിയ ലോണ്‍ തുകയുണ്ടെങ്കില്‍ എല്ലാ കര്‍ഷകരുടെയും കടം എഴുതി തള്ളാമായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.