വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുണ്ടോ? രാഹുല്‍ഗാന്ധിക്ക് പറയാനുള്ളത് ഇതാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ഗാന്ധി. ഇന്ന് മാദ്ധ്യമങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് രാഹുല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ‘എന്റെ കത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

‘എന്റെ നിലപാട് വ്യക്തമാണ്. പടിയിറങ്ങുന്നു എന്ന (പ്രസിഡണ്ട് സ്ഥാനത്തു നിന്ന്) എന്റെ കത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി പാര്‍ട്ടിയെ സേവിക്കുന്നത് തുടരും’ – രാഹുല്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ജൂലൈയിലാണ് രാഹുല്‍ഗന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നത്. ‘കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ 2019ലെ തെരഞ്ഞൈടുപ്പ് തോല്‍വിക്ക് ഉത്തരവാദിത്വം എനിക്കാണ്… എന്റെ സേവനം പാര്‍ട്ടി ആവശ്യപ്പെടുന്ന വേളയില്‍ എല്ലാം ഞാന്‍ സന്നദ്ധനായിരിക്കും’ – എന്നിങ്ങനെയായിരുന്നു രാഹുലിന്റെ കത്തിലെ വാക്കുകള്‍.

രാഹുലിന്റെ രാജിക്ക് പിന്നാലെ, ഓഗസ്റ്റില്‍ അമ്മ സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡണ്ടായി പാര്‍ട്ടി തെരഞ്ഞെടുക്കുകയായിരുന്നു. എട്ടു മാസത്തിന് ശേഷവും അദ്ധ്യക്ഷ പദവിലേക്കുള്ള തന്റെ വരവ് ഉടനുണ്ടാകില്ല എന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളുള്ളത്.