ഇത് ഇന്ത്യയുടെ കളങ്കം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വെറുപ്പും അക്രമവും ഭാരതമാതാവിന് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭാവിയാണ് ഇവിടെ കത്തിക്കരിഞ്ഞു നില്‍ക്കുന്നത് എന്നും ബ്രിജ്പുരിയില്‍ അക്രമികള്‍ തകര്‍ത്ത സ്‌കൂളില്‍ വച്ച് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് എം.പിമാരോടൊപ്പമായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡ്ന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, അധിര്‍ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്‌നിക് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഇന്ത്യ വിഭജിക്കപ്പെടുകയാണ്. ആര്‍ക്കും ഇതില്‍ നിന്ന് ഒരു നേട്ടവുമുണ്ടായിട്ടില്ല. ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മേല്‍ കലാപം കളങ്കമേല്‍പ്പിച്ചു. രാജ്യത്തിന്റെ തലസ്ഥാനത്താണ് അക്രമം ഉണ്ടായിരിക്കുന്നത്. സാഹോദര്യവും സ്‌നേഹവുമാണ് കത്തിക്കപ്പെട്ടത്. ഇത് ഹിന്ദുസ്ഥാന്റെ, ഭാരത് മാതയുടെ നഷ്ടമാണ്. ലോകത്തിനു മുമ്പില്‍ നമ്മുടെ ഖ്യാതിയാണ് എരിഞ്ഞടങ്ങിയത്-രാഹുല്‍ പറഞ്ഞു.

കലാപത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമാണ് കോണ്‍ഗ്രസ് എം.പിമാര്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെത്തിയത്. ഹോളി അവധക്കു ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സ്പീക്കര്‍ ഓം ബിര്‍ല. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷ പദവി രാജിവെച്ച രാഹുല്‍ തലസ്ഥാനത്ത് എം.പിമാര്‍ക്കൊപ്പം നടത്തുന്ന വലിയ പരിപാടിയാണിത്. ജെ.എന്‍.യുവിലും ജാമിഅ മില്ലിയ്യയിലും ഡല്‍ഹി പൊലീസ് നടത്തിയ വേട്ടയ്‌ക്കെതിരെ പോലും രാഹുല്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നില്ല. രാഹുലിന്റെ ഇടയ്ക്കിടെയുള്ള വിദേശ സന്ദര്‍ശനത്തെ ബി.ജെ.പി കളിയാക്കുകയും ചെയ്തിരുന്നു. രാഹുലിന് ഒരു റോമിങ് ഡാറ്റാ പായ്ക്ക് വേണം എന്നായിരുന്നു കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ പരിഹാസം.