രോഗികള്‍ കൂടുമ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന ഏക രാജ്യം; കേന്ദ്ര നിലപാടിനെതിരെ രാഹുല്‍ഗാന്ധിയും രാജീവ് ബജാജും

ലോക്ക് ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്ന് വീണ്ടും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അടച്ചുപൂട്ടല്‍ കാരണം രോഗബാധ തടയാന്‍ സാധിച്ചില്ലെന്നും, ജിഡിപി തകര്‍ന്നതായി ബജാജ് എംഡി രാജീവ് ബജാജ് പറഞ്ഞു. രാഹുല്‍ ഗാന്ധിയും രാജീവ് ബജാജുമായി നടത്തിയ സംവാദ പരിപാടിയായിരുന്നു പ്രതികരണം.

കുടിയേറ്റ തൊഴിലാളികളുടെയും ദരിദ്രരുടെയും ജീവിതത്തെ വളരെ മോശമായിട്ടാണ് ലോക്ക് ഡൗണ്‍ ബാധിച്ചത്. അഭയം തേടാന്‍ ഒരിടം ഇല്ലാതെ തൊഴിലാളികള്‍ കഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കുമ്പോള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

സമാനമായ പ്രതികരണമാണ് സംവാദത്തില്‍ ബജാജ് എംഡി രാജീവ് ബജാജ് നടത്തിയത്. ഇന്ത്യയുടെ തൊട്ടടുത്തുള്ള വിയറ്റ്നാം, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളെയാണ് ഇന്ത്യ മാതൃകയാക്കിയത്. ഇത് തെറ്റായ രീതിയാണെന്ന് രാജീവ് ബജാജ് പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ ഇന്ത്യയിലെ സാമ്പത്തിക തകര്‍ച്ചയും ഒരു മണിക്കൂറോളം നീണ്ട സംവാദത്തില്‍ ഇരുവരും ചര്‍ച്ച ചെയ്തു.