ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈനികര്‍ക്കും ഒപ്പമെന്ന് രാഹുല്‍; ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് മന്‍മോഹന്‍സിങ്

New Delhi: Prime Minister Manmohan Singh and Vice President Rahul Gandhi releasing the party's election manifesto titled "Your Voice Our Pledge" at AICC Headquarters in New Delhi on Wednesday. PTI Photo by Shirish Shete(PTI3_26_2014_000183B)

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈനികര്‍ക്കും ഒപ്പമാണ് പ്രതിപക്ഷം എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭീകരാക്രമണം കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തെ വിഭജിക്കാനാണ് ഭീകരാക്രമണത്തിലൂടെ ഭീകരര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒരു നിമിഷം പോലും അവര്‍ക്ക് അതിനാവില്ല. പ്രതിപക്ഷം ജവാന്മാര്‍ക്കു സര്‍ക്കാരിനും ഒപ്പമാണ്. ഇന്ത്യയുടെ ഹൃദയത്തിനേറ്റ ആക്രമണമാണിത്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ എടുക്കുന്ന എന്ത് തീരുമാനത്തിനൊപ്പവും പ്രതിപക്ഷം നില്‍ക്കുമെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഭീകരരുമായി ഒരു ചര്‍ച്ചക്കും രാജ്യം തയ്യാറല്ല. ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പറഞ്ഞു. ’40 ധീര ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഭീകരാക്രമണ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഇന്നലെയുണ്ടായ ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി ഉടന്‍ തന്നെ നല്‍കുമെന്ന് ഇന്ത്യ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങള കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യതലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന എം.എഫ്.എന്‍ ( മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) പദവിയും ഇന്ത്യ റദ്ദാക്കിയെന്നും മന്ത്രി അറിയിച്ചു.