‘ആര്‍.എസ്.എസ് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു’; സ്വച്ഛ് ഭാരത് അല്ല, നമുക്ക് വേണ്ടത് സച്ച് ഭാരതം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി പറയുന്നത് സ്വച്ഛ് ഭാരതം സൃഷ്ടിക്കുമെന്നാണ്, എന്നാല്‍ നമുക്ക് വേണ്ടത് സച്ച് ഭാരതമാണ് (യഥാര്‍ത്ഥ ഭാരതം)-അദ്ദേഹം പറഞ്ഞു. ജെ.ഡി.യു വിമത നേതാവ് ശരദ് യാദവ് സംഘടിപ്പിച്ച ‘മതേതര ഇന്ത്യയുടെ ഐക്യം’ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പരാജയപ്പെട്ടു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തെക്കാള്‍ കൂടി. കോര്‍പറേറ്റുകളെ സഹായിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണ്. ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഒരുമിച്ചുനിന്ന് പോരാടിയാല്‍ ബി.ജെ.പിയെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാന്‍ കഴിയൂ. സ്വന്തം ആശയസംഹിത നടപ്പാക്കാന്‍ കഴിയാത്തതു കൊണ്ട് ആര്‍.എസ്.എസ് ഭരണഘടന തിരുത്താന്‍ ശ്രമിക്കുകയാണ്. നീതിന്യായ വ്യവസ്ഥയടക്കം സര്‍വമേഖലകളിലും സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ആര്‍.എസ്.എസ് ശ്രമം. പോകുന്നിടങ്ങളിലെല്ലാം മോദി കള്ളം പ്രചരിപ്പിക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യ എന്നു പറയുമ്പോഴും ഭൂരിഭാഗം സാധനങ്ങളും മെയ്ഡ് ഇന്‍ ചൈനയാണെന്നും രാഹുല്‍ പരിഹസിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

SHARE