‘ഖനിയില്‍ 15 പേര്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ മോദി ക്യാമറക്ക് പോസ് ചെയ്യുന്നു’: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമറക്ക് പോസ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡിസംബര്‍ 13 മുതല്‍ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ രക്ഷാ ഉപകരണങ്ങള്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഉപേക്ഷിച്ച സാഹചര്യത്തിലാണ് മോദിക്കെതിരെ രാഹുലിന്റെ വിമര്‍ശനം ശക്തമായത്. ട്വിറ്ററിലൂടെയാണ് മോദിക്കെതിരെയുള്ള വിമര്‍ശനം.

ഇവര്‍ കുടുങ്ങിക്കിടക്കുന്ന കുഴിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് അടക്കമുള്ള ഉപകരണങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് ശ്രമം ഉപേക്ഷിക്കുന്നത്. രണ്ടാഴ്ച്ചയായി 15 തൊഴിലാളികള്‍ ജീവവായുവിനായി ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ ബോഗിബീല്‍ പാലത്തിന് മുകളില്‍ കാമറക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാവങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മേഘാലയയിലെ ഈസ്റ്റ് ജയ്ന്‍തിയ ഹില്‍സ് ജില്ലയിലെ ‘എലിമട’ എന്ന അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ക്കായുള്ള തെരച്ചിലാണ് അധികൃതര്‍ നിറുത്തിവച്ചിരിക്കുന്നത്. സമീപത്തെ നദി കരകവിഞ്ഞു 370 അടി ആഴമുള്ള ഖനിയില്‍ വെള്ളം പൊങ്ങിയതോടെയാണ് തൊഴിലാളികള്‍ അകത്ത് കുടുങ്ങിയത്. പുഴയില്‍ നിന്നുള്ള ഒഴുക്കു തുടരുന്ന സാഹചര്യത്തില്‍ ഖനിയിലെ വെള്ളം ഹൈപ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ച് പുറത്തേക്ക് കളയേണ്ടതുണ്ട്. എന്നാല്‍ ഇവ ലഭ്യമല്ലെന്നാണ് അധികൃതരുടെ നിലപാട്. 2014 ല്‍ ദേശീയ ഹരിത െ്രെടബ്യൂണല്‍ ‘എലിമട’ ഖനികള്‍ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്ലാത്ത അനധികൃത കല്‍ക്കരി ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. എങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

SHARE