മോദി സര്‍ക്കാര്‍ ധാര്‍മിക പാപ്പരത്തത്തിന്റെ ഉത്തമ ഉദാഹരണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാര്‍ ധാര്‍മിക പാപ്പരത്തത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച നരേന്ദ്രമോദി സര്‍ക്കാര്‍ ധാര്‍മിക പാപ്പരത്തമാണെന്ന് രാഹുല്‍ പറഞ്ഞു

അഹംഭാവവും കഴിവില്ലായ്മയും സമം ചേര്‍ത്താല്‍ ബി.ജെ.പി സര്‍ക്കാറാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തൊഴില്‍ നല്‍കാത്തതിനാല്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച് ജോലി കണ്ടെത്തിയെന്ന ഊബര്‍ ഡ്രൈവറുടെ വാര്‍ത്ത ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തല്‍. ഓല, ഊബര്‍ കമ്പനികള്‍ 20 ലക്ഷം തൊഴില്‍ സൃഷ്ടിച്ചെന്ന നിതി ആയോഗ് പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു ഊബര്‍ ഡ്രൈവര്‍. അധികാരത്തിലെത്തും മുമ്പ് രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കിയ മോദി ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടതായി രാഹുല്‍ ആരോപിച്ചു. നേരത്തെ ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ തൊഴിലില്ലായ്മ സംബന്ധിച്ച കേന്ദ്രം പൂഴ്ത്തി വെച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.

SHARE