റഫാല്‍: സത്യസന്ധമായ അന്വേഷണം നടന്നാല്‍ മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി

ഇന്‍ഡോര്‍: റഫാല്‍ ഇടപാടില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

മോദി അഴിമതിക്കാരനായ നേതാവാണ്. അതില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. റഫാല്‍ കേസ് തുറന്ന അതേവേഗത്തില്‍ അടക്കപ്പെട്ട കേസാണ്. റഫാലില്‍ അന്വേഷണം ആരംഭിച്ചാല്‍ മോദി എപ്പോള്‍ ജയിലില്‍ പോകുമെന്ന ചോദ്യം മാത്രമെ ശേഷിക്കൂവെന്നും രാഹുല്‍ പറഞ്ഞു.

അനില്‍ അംബാനിയെ മോദി പൊതിഞ്ഞു സംരക്ഷിക്കുകയാണ്. അതിന് നിയമ വ്യവസ്ഥയെ മോദി തകര്‍ത്തു. അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിച്ചാല്‍ കുറ്റപത്രത്തില്‍ രണ്ടു പേരുകളാണുണ്ടാവുക. നരേന്ദ്ര മോദിയും അനില്‍ അംബാനിയും. അതറിയാവുന്നതു കൊണ്ടാണ് മോദി, സി.ബി.ഐ മേധാവിയെ അര്‍ധരാത്രിയില്‍ കസേരയില്‍ നിന്നും തെറിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE