ഇന്ത്യക്ക് വേണ്ടത് മണ്ടന്‍ സിദ്ധാന്തങ്ങളല്ല: രാഹുല്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പുതിയ തലമുറകളെ കുറിച്ച് മണ്ടന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയല്ല വേണ്ടതെന്നും സാമ്പത്തിക രംഗം തിരിച്ചുപിടിക്കാന്‍ ശക്തമായ പദ്ധതിയാണ് ആവശ്യമെന്നും രാഹുല്‍ പറഞ്ഞു.
കെട്ടിച്ചമച്ചുണ്ടാക്കുന്ന വാര്‍ത്തകളും മണ്ടന്‍ സിദ്ധാന്തങ്ങളുമല്ല രാജ്യത്തിന് ഇപ്പോള്‍ ആവശ്യം. സാമ്പത്തികരംഗത്തെ സ്ഥിരതയുള്ളതാക്കാന്‍ ശക്തമായ ആശയങ്ങളാണ് വേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് മന്ത്രി സമ്മതിച്ചത് ശുഭകരമായ തുടക്കമാണ്. പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയുകയാണ് പരിഹാരത്തിലേക്കുള്ള ആദ്യ പടിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വാഹന വിപണി തകരാന്‍ കാരണം പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണെന്ന നിര്‍മല സീതാരാമന്റെ പ്രസ്താവന വിവാദമായിരുന്നു. യുവാക്കള്‍ ഊബറും ഒലയും പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുകയും കാര്‍ വാങ്ങാതിരിക്കുകയും ചെയ്യുന്നതാണ് ഓട്ടോമൊബൈല്‍ രംഗത്തെ തകര്‍ച്ചയ്ക്ക് കാരണമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. മാന്ദ്യം ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ഓട്ടോമൊബൈല്‍ മേഖലയില്‍ ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് മേഖല നേരിടുന്നത്. നിര്‍മലയുടെ പ്രസ്താവനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബോയ്‌കോട്ട് മില്ലെനിയല്‍സ് (#BoycottMillennials), ,
സേ ഇറ്റ് ലൈക് നിര്‍മല തായ് (#SayItLikeNirmalaTai) തുടങ്ങിയ ഹാഷ് ടാഗുകളിലാണ് യുവാക്കള്‍ പ്രതിഷേധ പോസ്റ്റുകളിടുന്നത്.

SHARE