രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. അടുത്ത വര്‍ഷമായിരിക്കും പാര്‍ട്ടിയില്‍ മാറ്റമുണ്ടാകുക. ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി സ്ഥാനമൊഴിഞ്ഞായിരിക്കും രാഹുല്‍ പദവി ഏറ്റെടുക്കുകയെന്ന് ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി ആദ്യവാരത്തിലാണ് എഐസിസി യോഗം നടക്കുന്നത്. നേരത്തെ ഡിസംബറിലാണ് യോഗം പ്രഖ്യാപിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാഹുല്‍ പൂര്‍ണ്ണമായും സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. രാജി പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാഹുല്‍ സമ്മതിച്ചിരുന്നില്ല.

SHARE