ഝാര്‍ഖണ്ഡ് കൂട്ടക്കൊലപാതകം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് കൂട്ടക്കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി. സംഭവത്തിലെ കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും മൗനം തന്നെ ഞെട്ടിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണ്. അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. മരണാസന്നനായ യുവാവിനെ നാല് ദിവസം കസ്റ്റഡിയില്‍ വെച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഝാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മുസ്ലിമായത് കൊണ്ടാണ് തബ്രേസ് അന്‍സാരി കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം ഭാര്യ പ്രതികരിച്ചിരുന്നു.