അച്ഛനെ വധിച്ചവരോട് ഞങ്ങള്‍ ക്ഷമിച്ചു; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവരോടു താനും സഹോദരിയും പൂര്‍ണ്ണമായി ക്ഷമിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ശനിയാഴ്ച്ച സിംഗപ്പൂരില്‍ നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കാരണമെന്തായാലും താനും സഹോദരിയും അച്ഛനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പുകൊടുത്തു. ഏത് തരത്തിലുള്ള അപരാധമായാലും പൊറുത്തുകൊടുത്തുവെന്നും രാഹുല്‍ പറഞ്ഞു. ഞങ്ങള്‍ വളരെ വിഷമിതരും കോപിതരുമായിരുന്നു കുറേ വര്‍ഷക്കാലം. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഞങ്ങള്‍ ക്ഷമിച്ചുകഴിഞ്ഞു. മുത്തശ്ശിയും അച്ഛനും കൊല്ലപ്പെടുമെന്ന് നേരെത്ത തന്നെ അറിയാമായിരുന്നു. അവര്‍ ഇരുവരും ജീവിതത്തില്‍ ആദര്‍ശങ്ങളെ മുറുക്കിപിടിച്ചിരുന്നു. ആദര്‍ശങ്ങളെ ബലികഴിക്കാതെ ജീവിക്കുന്നവര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

1991 മെയ് 21-ന് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.