അടുത്ത പ്രധാനമന്ത്രിയാര്? രാഹുല്‍ ഗാന്ധിയുടെ മറുപടി

ലണ്ടന്‍: പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാനിപ്പോള്‍ ആശയപരമായ പോരാട്ടത്തിലാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും പരാജയപ്പെടുത്തിയ ശേഷമാകും ആര് നയിക്കണമെന്ന ചര്‍ച്ച നടത്തുക. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്താണ് ഇക്കാര്യം തീരുമാനിക്കുകയെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ആര്‍.എസ്.എസ് രാജ്യത്തിന്റെ നിയമസംവിധാനത്തിന് ഭീഷണിയാണ്. ഓരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ താന്‍ ചിന്തിക്കുന്നത് രാജ്യത്തെ നിയമസംവിധാനത്തെ എങ്ങനെ സംരക്ഷിക്കാമെന്നും രാജ്യത്തെ ഒത്തൊരുമയോടെ നിലനിര്‍ത്താന്‍ അനുയോജ്യമായ സാഹചര്യം എങ്ങനെ സൃഷ്ടിക്കാമെന്നുമാണെന്നും രാഹുല്‍ പറഞ്ഞു.

താന്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് രാജ്യത്ത് ഒരു വികസനവുമുണ്ടായിട്ടില്ലെന്നാണ് മോദി അവകാശപ്പെടുന്നത്. ഇത് രാജ്യത്തെ ജനങ്ങളെ അപമാനിക്കലാണ്. ഈ രാജ്യം കെട്ടിപ്പൊക്കാന്‍ വിയര്‍പ്പൊഴുക്കിയവരെയാണ് മോദി അപമാനിക്കുന്നത്. മതത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നത്. മോദി ഭരണത്തില്‍ അനില്‍ അംബാനിയെപ്പോലുള്ളവര്‍ നേട്ടമുണ്ടാക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ വഞ്ചിക്കപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

SHARE