ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രതസിന്ധി ബാധിച്ചിരിക്കുന്ന ആളുകളില്‍ ആവശ്യമുള്ളവര്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് നല്‍കുകയും രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരാതിരിക്കാന്‍ വന്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയും വേണമെന്ന് സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അഭിജിത് ബാനര്‍ജി ഇക്കാര്യം ആവശ്യപ്പെട്ടത്.
ആവശ്യമുള്ളവര്‍ക്കെല്ലാം താത്ക്കാലിക റേഷന്‍കാര്‍ഡ് നല്‍കണം. നേരിട്ടുള്ള സാമ്പത്തികവിനിമയം ആണ് ഇപ്പോള്‍ ആവശ്യമായുള്ളത്. അടിത്തട്ടിലുള്ള 60 ശതമാനം പേര്‍ക്കും പണം നല്‍കണം. അവര്‍ അത് ചെലവഴിക്കുകയും അത് തുടര്ആവശ്യങ്ങള്ക്ക് വഴിവെയ്ക്കുകയം ചെയ്യും. ഇക്കാര്യം വേഗത്തിലും വിശാലമായും നടപ്പിലാക്കണം. യുഎസ് ഭരണകൂടം ചെയ്യുന്നത് പോലെ നിലവിലെ സാഹചര്യത്തില്‍ ആളുകളുടെ കൈകളിലേക്ക് പണം എത്തിക്കണം. പൊതുവിതരണ രംഗത്ത് ആധാര്‍ അടിസ്ഥാനമാക്കിയുള്ള അവകാശവാദം ദരിദ്രരുടെ ദുരവസ്ഥ പരിഹരിക്കും. ആധാറിന്റെ ദേശസാത്ക്കരണം കുടിയേറ്റതൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും. ഏത് റേഷന്‍ഷോപ്പില്‍ ചെന്നാലും ഒരാള്‍ക്ക് റേഷന്‍ വാങ്ങാന്‍ ഇതിലൂടെ കഴിയും. ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടത് ആവശ്യമാണെങ്കിലും കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനംകൂടി പരിഗണിക്കേണ്ടതുണ്ടെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.
കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ നടത്തുന്ന വീഡിയോ കൂടിക്കാഴ്ചയുടെ രണ്ടാം ഭാഗമാണ് ഇന്ന് രാവിലെ നടന്നത്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായിട്ടായിരുന്നു രാഹുലിന്റെ ആദ്യ വീഡിയോ ചര്‍ച്ച.