ബി.ജെ.പിക്കെതിരായ പോരാട്ടം എല്ലാ ദിവസവും തുടരുമെന്ന് രാഹുല്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടത്ര വിജയം കാണാനായില്ലെങ്കിലും ബി.ജെ.പിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് എല്ലാ ദിവസവും തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ തവണ നമ്മള്‍ക്ക് 44 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് 52 ആയി. ബി.ജെ.പിക്കെതിരായ പോരാട്ടം ദിനേന നമ്മള്‍ തുടരുക തന്നെ ചെയ്യുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയുടെ പരാജയ കാരണം നമ്മള്‍ പരിശോധിക്കും. പാര്‍ട്ടിയെ നമ്മള്‍ മുന്നോട്ടു നയിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാതാവ് സോണിയ ഗാന്ധിയെ രാഹുല്‍ അഭിനന്ദിക്കുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ രാഹുല്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ഐകകണ്‌ഠ്യേന ഇത് തള്ളുകയായിരുന്നു.

SHARE