പൗരത്വനിയമ സമരം: അയ്യപ്പധര്‍മ്മസേനയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ഈശ്വര്‍

തൃശ്ശൂര്‍: പൗരത്വനിയമത്തിനെതിരെ സമരം ചെയ്യുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് അയ്യപ്പ ധര്‍മസേനയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ഈശ്വര്‍. എന്തു വന്നാലും പൗരത്വനിയമ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ച് തന്നെ നില്‍ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനെതിരായ 24 മണിക്കൂര്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

അയ്യപ്പ ധര്‍മസേനയില്‍ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിന്‍വലിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. പാകിസ്താനി ഹിന്ദുവിനെക്കാള്‍ പ്രാധാന്യം ഇന്ത്യന്‍ മുസ്‌ലിമിനാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു.

പൗരത്വനിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കിയതോടെ രാഹുല്‍ ഈശ്വറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അയ്യപ്പ ധര്‍മ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനില്‍ വളയംകുളത്തിന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂര്‍ നിരാഹാര സമരം സംഘടിപ്പിച്ചത്.