രാഹുലിന്റെ മാസ് എന്‍ട്രി; ഇടതുമുന്നണിയിലും എന്‍.ഡി.എ ക്യാമ്പിലും ഞെട്ടല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരുന്നുവെന്ന വാര്‍ത്ത ഇടതുമുന്നണിയിലും എന്‍.ഡി.എ ക്യാമ്പിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാഴ്ചയായി ഇതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വരില്ല എന്നാണ് ഇരുമുന്നണികളിലെയും നേതാക്കള്‍ കരുതിയിരുന്നത്.

രാഹുല്‍ വരാതിരിക്കുന്നതിനു വേണ്ടി കേരളത്തിലും ഡല്‍ഹിയിലുമടക്കം വലിയ ചരടു വലികള്‍ സി.പി.എം നടത്തിനോക്കിയിരുന്നു. ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തേ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് ചിലര്‍ നടത്തുന്ന നാടകങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തെ വൈകിപ്പിക്കുന്നതെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്.

രാഹുലിന്റ വരവോടെ കേരളത്തിലെ യു.ഡി.എഫിന്റെ വിജയ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. വയനാട്ടില്‍ മത്സരിക്കുന്നതോടെ അത് കേരളമാകെ യു.ഡി.എഫിന് തരംഗമുണ്ടാക്കുന്ന തരത്തിലേക്ക് വളരും. കര്‍ണാടകയുമായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന ഭൂപ്രദേശമാണ് വയനാട് ലോക്‌സഭാ മണ്ഡലം. അതിനാല്‍ തന്നെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഈ സംസ്ഥാനങ്ങളില്‍ കൂടി ഊര്‍ജം പകരും.

കേറളത്തിനു പുറമെ അമേഠിയില്‍ നിന്നാണ് രാഹുല്‍ മത്സരിക്കുന്നത്. അമേഠിയിലെ സിറ്റിങ് എം.പി കൂടിയായ രാഹുല്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ഊര്‍ജം പകരാനായി വയനാട്ടില്‍ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ദക്ഷിണേന്ത്യയെ നരേന്ദ്ര മോദി ധ്രുവീകരിക്കുകയാണെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.