പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം: രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

അമേഠി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം സുപ്രധാന നീക്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള പ്രിയങ്കയും യു.പി വെസ്റ്റിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇരുവരുടെയും നിയമനമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

യു.പിയില്‍ പരസ്പരം സഖ്യത്തിലേര്‍പ്പെട്ട സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവയുമായി കോണ്‍ഗ്രസിന് ശത്രുതയില്ലെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ അവരുമായി കൈകോര്‍ക്കാന്‍ ബുദ്ധിമുട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

”ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്ക ഗാന്ധിയും ശക്തരായ നേതാക്കളാണ്. ഈ യുവനേതാക്കളുടെ കടന്നുവരവ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ മാറ്റിമറിക്കും.

‘മായാവതിയോടും അഖിലേഷിനോടും എനിക്ക് ബഹുമാനമാണ് എന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അവര്‍ തമ്മിലുള്ള സഖ്യം നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ മൂന്നുപേരുടെയും ലക്ഷ്യം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതാണ്. അഖിലേഷുമായും മായാവതിയുമായും ശത്രുതയില്ല. സ്‌നേഹമാണ്. ഞങ്ങള്‍ കോണ്‍ഗ്രസ് തത്വശാസ്ത്രത്തിനു വേണ്ടി പോരാടാനാണ് ഉദ്ദേശിക്കുന്നത്. അഖിലേഷിനും മായാവതിക്കും ഞങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് സ്വാഗതം.

‘പ്രിയങ്കയെയും ജ്യോതിരാദിത്യയെയും രണ്ടു മാസത്തേക്കു വേണ്ടി മാത്രമല്ല അയക്കുന്നത്. സാധാരണക്കാരനൊപ്പം നിന്ന് വികസനത്തിനു വേണ്ടി പോരാടുകയെന്ന കോണ്‍ഗ്രസിന്റെ തത്വം അവര്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്. ഉത്തര്‍പ്രദേശിനും ഇവിടുത്തെ യുവാക്കള്‍ക്കും എന്താണോ വേണ്ടത് അത് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കും.

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രിയങ്ക തന്നെയാണ്. ബാക്ക്ഫുട്ടില്‍ കളിക്കാന്‍ ഞങ്ങളില്ല എന്നാണ് എനിക്കു പറയാനുള്ളത്. ഞങ്ങളുടെ രാഷ്ട്രീയം ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടിയുള്ളതാണ്. ഗുജറാത്തിലായാലും ഉത്തര്‍പ്രദേശിലായാലും ഞങ്ങള്‍ ഉശിരോടെ തന്നെയാണ് പോരാടുക. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കും.

‘മായാവതിയുടെയും അഖിലേഷിന്റെയും ആശയങ്ങളുമായി ഞങ്ങളുടെ ആശയത്തിന് സാമ്യതകളുണ്ട്. അതുകൊണ്ട്, അവരുമായി യോജിച്ചു പോകേണ്ട ഇടങ്ങളില്‍ യോജിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്ഥലമുണ്ടാക്കുക എന്നത് ഞങ്ങളുടെ ദൗത്യമാണ്. അവിടെ ഞങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യും.’

സഹോദരന്‍ എന്ന നിലയില്‍, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വ്യക്തിപരമായ തനിക്ക് സന്തോഷം പകരുന്നുണ്ടെന്നും ഏറെ കഴിവുള്ളയാളാണ് പ്രിയങ്കയെന്നും രാഹുല്‍ പറഞ്ഞു. യുവാക്കളെ അറിയുന്ന മികച്ച നേതാവാണ് ജ്യോതിരാദിത്യ. ഇരുവരുടെയും പ്രവര്‍ത്തനം യു.പി രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.