ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളില്‍ ബലാത്സംഗങ്ങള്‍ കൂടുന്നത് എന്തുകൊണ്ട്? – രാഹുല്‍ ഗാന്ധി

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് കൂടുതലായി ഇരയാകുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഡിലെ റാംപൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

‘ഉത്തര്‍പ്രദേശിലും ബിഹാറിലും പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഇത് രാജ്യത്തെ എല്ലാ സ്ത്രീകളുടെയും ഹൃദയങ്ങളില്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്? 3000 വര്‍ഷങ്ങളില്‍ സംഭവിക്കാത്ത എന്തുമാറ്റമാണ് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്ത്രീകളില്‍ സംഭവിച്ചത്?’ രാഹുല്‍ ചോദിച്ചു.

റായ്പൂരിലെ രാജീവ് ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടിയാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഉദ്ഘാടനത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളെ ചോദ്യം ചെയ്തു.

‘പ്രധാനമന്ത്രി മോദി ഛത്തിസ്ഗഡിലെ ഒരു സ്ത്രീയെക്കൊണ്ട്, അവരുടെ വരുമാനം ഇരട്ടിയായി വര്‍ധിച്ചുവെന്ന് നുണ പറയിച്ചു. വാഗ്ദാനം ചെയ്ത ജോലികള്‍ എവിടെ എന്ന് ചോദിക്കുമ്പോള്‍ പക്കോഡ വില്‍ക്കൂ എന്നാണ് മോദി പറയുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ ജോലിയെവിടെ എന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു’ – രാഹുല്‍ പറഞ്ഞു.

‘പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പേര് പാനമ പേപ്പറില്‍ വന്നപ്പോള്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി. ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ മകന്റെ പേര് പാനമ പേപ്പറിലുണ്ട്; ഇവിടെ പക്ഷേ, അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. ഇതാണ് ബി.ജെ.പിയും എന്‍.ഡി.എയും പറയുന്ന കാവല്‍’ – രാഹുല്‍ പറഞ്ഞു.

‘ഞാന്‍ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രിയോട്, നിങ്ങള്‍ രാജ്യത്തോട് എന്തിന് നുണ പറഞ്ഞു എന്ന് ചോദിച്ചു. ഉത്തരം ലഭിച്ചില്ല. പ്രധാനമന്ത്രിക്ക് എന്റെ കണ്ണില്‍ നോക്കാന്‍ പോലും ധൈര്യമില്ല. അദ്ദേഹം എന്നെ നോക്കാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കുകയായിരുന്നുവെന്ന് നിങ്ങള്‍ ടി.വിയില്‍ കണ്ടതാണ്.’ രാഹുല്‍ പറഞ്ഞു.