ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ, കേന്ദ്രസര്‍ക്കാറിന്റെ ചൈനീസ് അനുകൂല നയങ്ങള്‍ അക്കമിട്ടു നിരത്തി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘വസ്തുത മരിക്കുന്നില്ല, ബി.ജെ.പി പറയുന്നു: മെയ്ക്ക് ഇന്‍ ഇന്ത്യ. ബി.ജെ.പി ചെയ്യുന്നത്: ചൈനയില്‍ നിന്ന് വാങ്ങുക’ എന്ന തലവാചകത്തോടെയാണ് മോദി സര്‍ക്കാറിന്റെ ചൈനാ അനുകൂല നയം തെളിയിക്കുന്ന ഗ്രാഫ് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വര്‍ദ്ധനവുണ്ടായി എന്ന് തെളിയിക്കുന്നതാണ് രാഹുലിന്റെ ഗ്രാഫ്. 2008-14 കാലളവില്‍ 14 ശതമാനം മാത്രമായിരുന്നു ചൈനയില്‍ നിന്നുള്ള ഇറക്കുമതി. എന്‍.ഡി.എ അധികാരത്തില്‍ എത്തിയ ശേഷം അത് 18 ശതമാനമായി വര്‍ദ്ധിച്ചു- രാഹുല്‍ ആരോപിച്ചു.
2008ല്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 12 ശതമാനമായിരുന്നു. 2012ല്‍ അത് 14 ശതമാനമായി. 2014ല്‍ 13 ശതമാനമായി താഴ്ന്നു. മോദി പ്രധാനമന്ത്രിയായിരിക്കെ 2015ല്‍ ഇത് 14 ശതമാനമായി. 2016ല്‍ 16 ശതമാനവും 2017ല്‍ 18 ശതമാനവും- ഗ്രാഫ് പറയുന്നു.
രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് സഹോദരി പ്രിയങ്ക ഗാന്ധി റിട്വീറ്റ് ചെയ്തിട്ടുണ്ട്.