ആവേശത്തരംഗം; രാഹുലും പ്രിയങ്കയും കോഴിക്കോട്ടെത്തി

കോഴിക്കോട്: കേരളത്തെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമാണ് കേരളത്തിലെത്തിയത്. രാഹുലിന്റെയും പ്രിയങ്കയുടെയും വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോഴിക്കോട്ടും വയനാട്ടിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ കോഴിക്കോട്ടെത്തിയത്. ഇന്നു രാത്രി ഇരുവരും കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലാണ് വിശ്രമിക്കുക. എസ്.പി.ജിക്കാണ് ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണ ചുമതല.

നേരത്തെ റോഡ് മാര്‍ഗം വയനാട്ടിലെത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചുരം കയറി പോകുന്ന റോഡില്‍ രാഹുലിന് വേണ്ട വിധത്തില്‍ സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യാത്രാമാര്‍ഗം ഹെലികോപ്ടറിലാക്കുകയായിരുന്നു.

രാവിലെ പതിനൊന്നിന് കല്‍പറ്റയിലെ എ.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരിക്കും ഹെലികോപ്ടര്‍ ഇറക്കുക. ഇതിനു വേണ്ടിയുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജില്ലാഭരണകൂടം. ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങിയതിനെ തുടര്‍ന്ന് രണ്ടര കിലോമീറ്റര്‍ അപ്പുറത്തുള്ള കലക്ടറേറ്റിലേക്ക് റോഡ് മാര്‍ഗം എത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.