തിരിച്ചുപോകാതെ നിവൃത്തിയില്ല; മാധ്യമങ്ങളോട് പ്രതികരിച്ച് രഹനാ ഫാത്തിമ

പത്തനംതിട്ട: പതിനെട്ടാം പടിക്കരികില്‍ പ്രതിഷേധം ശക്തമായതോടെ കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രാ സ്വദേശി കവിതയും ശബരിമല സന്നിധാനത്ത് നിന്നും തിരിച്ചിറങ്ങി. തിരിച്ചുപോകാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്ന് ദൗത്യത്തില്‍ നിന്നും മടങ്ങവെ രഹനാ ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവതികള്‍ സന്നിധാനത്ത് കടന്നാല്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചിരുന്നു. യുവതികളെ എത്രയും പെട്ടെന്ന് മടക്കണമെന്നും അല്ലാത്ത പക്ഷം പൂജ നിര്‍ത്തിവെച്ച് ശ്രീകോവില്‍ അടച്ചിടുമെന്നും ഇദ്ദേഹം ബോര്‍ഡിനും പൊലീസിനുമായി മുന്നറിയിപ്പ് നല്‍കി.

ഇതോടെ പൊലീസ് യുവതികളുമായി ചര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതികള്‍ സ്വമേധയാ തിരിച്ചുപോകാന്‍ സന്നദ്ധത അറിയിച്ചതായി ഐ.ജി ശ്രീജിത്ത് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ തിരിച്ചിറങ്ങാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്നാണ് രഹ്നയുടെ പ്രതികരണം വന്നിരിക്കുന്നത്.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെല്‍യിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് രാവിലെ ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. ഇവരുടെ പശ്ചാത്തലം കൂടി പരിശോധിക്കേണ്ടിയിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയും നിലപാട് അറിയിച്ചത്.

കനത്ത പൊലീസ് സുരക്ഷയോടെയാണ് രണ്ട് യുവതികള്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയില്‍ നിന്നുള്ള രഹന ഫാത്തിമ്മയും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടര്‍ കവിതയുമാണ് ശബരിമലയിലേക്ക് എത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തി. റിപ്പോര്‍ട്ടിംഗിനായാണ് കവിത ശബരിമലയില്‍ എത്തുന്നതെങ്കിലും മറ്റു യുവതിയെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു. സുരക്ഷാ മുന്‍കരുതലെന്നോണം കവിതക്ക് പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്.