ബുര്‍ഖ ധരിക്കുന്നത് ഇന്ത്യയില്‍ നിരോധിക്കണമെന്ന് യുപി മന്ത്രി

ലഖ്‌നൗ: ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ്. തങ്ങളുടെ വ്യക്തിത്വം മറക്കാനായി തീവ്രവാദികളാണ് ബുര്‍ഖ ധരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആഗ്രയിലെ ഷഹ്ജ്മല്‍ പ്രദേശത്തെ പൗരത്വനിയമ വിരുദ്ധ സമരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു രഘുരാജ് സിങ്.

ബുര്‍ഖയെന്ന സംവിധാനം വരുന്നത് വരുന്നത് അറബ് ലോകത്ത് നിന്നാണ്. ഭഗവാന്‍ ലക്ഷ്മണന്‍ ചെവിയും മൂക്കും മുറിച്ചതിനാലാണ് അവര്‍ അവരുടെ മുഖം മറക്കുന്നത്. അവര്‍ ബുര്‍ഖ ധരിക്കുന്നതിനുള്ള കാരണം രാക്ഷസന്റെ പിന്‍ഗാമികളായതുകൊണ്ടാണ്.രാക്ഷസന്റെ പിന്‍ഗാമികള്‍ മാത്രമേ ബുര്‍ഖ ധരിക്കൂ. സാധാരണ മനുഷ്യര്‍ ബുര്‍ഖ ധരിക്കാറില്ല. അത് കൊണ്ട് രാജ്യത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് ബുര്‍ഖ നിരോധിക്കാന്‍. കാരണം നമ്മുടെ രാജ്യത്തേക്ക് തീവ്രവാദികള്‍ വരുന്നത് ബുര്‍ഖ ധരിച്ചുകൊണ്ടാണെന്നും രഘുരാജ് സിംഗ് പറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടന്നപ്പോള്‍ കഴിഞ്ഞവര്‍ഷം ശ്രീലങ്ക പോലും ഇത് നിരോധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നേരത്തെയും വിദ്വേ പ്രസ്താവനകള്‍ നടത്തി വിവാദത്തിലകപ്പെട്ട നേതാവാണ് രഘുരാജ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് മന്ത്രി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. സിഎഎയെ വിശദീകരിക്കാന്‍ ബിജെപി അലിഗഢില്‍ നടത്തിയ റാലിക്കിടെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.

SHARE