നോട്ട് അസാധുവാക്കല്‍: ‘തീരുമാനമെടുത്ത ബോര്‍ഡില്‍ താനുണ്ടായിരുന്നില്ല’; നിര്‍ണായക വെളിപ്പെടുത്തലുമായി രഘുരാംരാജന്‍

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും നീക്കം പാളുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് മോദി സര്‍ക്കാര്‍ നിരോധനം നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കാലത്തെ വിവിധ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഐ ഡു വാട് ഡു ഐ ഡു എന്ന പുസ്തകത്തിലാണ് രഘുരാം രാജന്‍ ആഞ്ഞടിച്ചത്. 2016 സെപ്തംബര്‍ മൂന്നിനാണ് രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നത്. നോട്ട് നിരോധനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നതായും തന്റെ അഭിപ്രായം അറിയിച്ചിരുന്നതായുമായി രഘുറാം രാജന്‍ പറയുന്നു. നോട്ട് അസാധുവാക്കിയ ബോര്‍ഡില്‍ താന്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കു ശേഷം പദവിയില്‍ പ്രവേശിച്ച ഊര്‍ജിത് പട്ടേലിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്രയും നാള്‍ താന്‍ മൗനം പാലിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോട്ട് അസാധുവാക്കല്‍ പ്രയോജനപ്രദമാണെങ്കിലും പെട്ടെന്നുണ്ടായ സാമ്പത്തിക വീഴ്ച ഗുണത്തേക്കാളേറെ ദോഷം ചെയ്യും. താന്‍ ഗവര്‍ണറായിരുന്ന സമയത്തൊന്നും നോട്ട് പിന്‍വലിക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപര്‌പെട്ടിരുന്നില്ല. നവംബര്‍ എട്ടിനും മാസങ്ങള്‍ക്കു മുമ്പ് തന്നെ നോട്ട് നിരോധനത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന കേന്ദ്രവാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.

SHARE