കോവിഡിനു ശേഷം വന്‍ സാമ്പത്തികമാന്ദ്യം വരും; വേണ്ടത് മികച്ച നടപടികളെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: നിലില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതോടൊപ്പം കോവിഡു കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറുമായ ഡോ. രഘുറാം രാജന്‍. കോവിഡിനു പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന് ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ എത്ര സമര്‍ഥമാണെന്നതിനെ ആശ്രയിച്ചിരിക്കും അതിജീവനമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്റെ പരാമര്‍ശം.

ഇറ്റലിയിലും യുഎസിലും മറ്റും കണ്ടത് അനേകായിരങ്ങളുടെ മരണവും അങ്ങനെ പൊതുജനാരോഗ്യ രംഗത്തിന്റെ തകര്‍ച്ചയുമാണ്. അതു സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്തംഭനത്തിലേക്കുവരെ നീണ്ടു. ആ നിലയിലേക്കു സ്ഥിതി വഷളാകാതിരിക്കാന്‍ ഇന്ത്യയില്‍ രോഗവ്യാപനം കാര്യമായി നിയന്ത്രിക്കേണ്ടതുണ്ട്.
പകര്‍ച്ചവ്യാധിയുടെ ബാക്കിയായി ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യമാണ് അനുഭവപ്പെടാന്‍ പോകുന്നത്. ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നതിലൂടെ അതിനുള്ള തെളിവുകള്‍ ഇപ്പോള്‍ത്തന്നെ പ്രകടമാകുന്നുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ െ്രെതമാസത്തില്‍ത്തന്നെ ചൈനയുടെ ആഭ്യന്തര മൊത്ത ഉല്‍പാദന(ജിഡിപി)ത്തില്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള ഇടിവ് 35 ശതമാനമാണ്. പല ഫാക്ടറികളും വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഉപഭോഗത്തില്‍ വര്‍ധനയുണ്ട്. എന്നാല്‍ പല മേഖലകളും പൂര്‍ണശേഷി കൈവരിച്ചിട്ടില്ല. സ്റ്റാര്‍ബക്‌സ് റസ്റ്ററന്റുകള്‍ ഉദാഹരണം. ശേഷിയുടെ പകുതി മാത്രമേ അവയ്ക്കു വിനിയോഗിക്കാനാകുന്നുള്ളൂ.

ജിഡിപിയുടെ പത്തും ഇരുപതും ശതമാനം വരുന്ന ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക വളര്‍ച്ച നെഗറ്റീവാകുമെന്നാണു സൂചനകള്‍. ഇന്ത്യയുടെ വളര്‍ച്ചയും ഏതാണ്ടു നെഗറ്റീവാകാം. എന്നാല്‍ അടുത്ത വര്‍ഷത്തോടെ സ്ഥിതി മെച്ചപ്പെടാം. എന്തൊക്കെ ഉത്തേജക നടപടികള്‍ സ്വീകരിക്കും, എത്ര നാള്‍ ലോക്ഡൗണ്‍ തുടരും എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കും അതെന്നു മാത്രം.

സാമ്പത്തിക മേഖല മെച്ചപ്പെടുന്നതു കുത്തനെയുള്ള കുതിപ്പായിട്ടോ ക്രമേണയുള്ള മുന്നേറ്റമായിട്ടോ എന്നു വ്യക്തമല്ല. വ്യത്യസ്ത വ്യവസായങ്ങള്‍ വ്യത്യസ്ത തോതിലായിരിക്കും മുന്നേറുക. പൊതുഗതാഗതത്തെ ആശ്രയിക്കുന്നതു രോഗബാധകള്‍ക്കു കാരണമായേക്കാമല്ലോ എന്നു കരുതി കൂടുതല്‍ ആളുകള്‍ കാറുകള്‍ വാങ്ങാന്‍ തയാറായാല്‍ വാഹന വ്യവസായം മെച്ചപ്പെടും. അതല്ല ജീവിതത്തോടുള്ള കാഴ്ചപ്പാടിലെ മാറ്റത്തിന്റെ ഭാഗമായി ഉപഭോഗം കുറയ്ക്കാനാണ് അവര്‍ തീരുമാനിക്കുന്നതെങ്കിലോ? എന്തൊക്കെ മാറ്റങ്ങളാണുണ്ടാകുക എന്ന് ആര്‍ക്കറിയാം?
വ്യവസായങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തന ശൈലികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. അതിനു കാരണം വളരെപ്പേര്‍ സാങ്കേതിക ജ്ഞാനം ആര്‍ജിച്ചിരിക്കുന്നു എന്നതാണ്. അധ്യാപന രംഗത്തെ മാറ്റം തന്നെ നോക്കുക. ക്ലാസ് മുറികളുടെ സ്ഥാനത്തു വെബ് അധിഷ്ഠിത വിഡിയോ സംവിധാനം. ഈ സംവിധാനം ക്ലാസ് മുറികളുടെ 85% പ്രയോജനം ചെയ്യുന്നുണ്ടെന്നു പറയാം.

സാമ്പത്തിക ഉണര്‍വു ലക്ഷ്യമിട്ടുള്ള ഓരോ രാജ്യത്തെയും ഉത്തേജക പാക്കേജുകള്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. ഇറ്റലി ഒഴികെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി ഭേദമാണെന്നു പറയാം. അവിടങ്ങളിലെ ബാങ്കുകളുടെ കാര്യംതന്നെ നോക്കുക. അവയ്ക്കു നല്ല രീതിയില്‍ മൂലധനമുണ്ട്; കിട്ടാക്കടവും കുറവ്. ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ മുന്‍ഗണനകള്‍ നിശ്ചയിക്കുകയാണ് ആദ്യം വേണ്ടത്. അനാവശ്യ ചെലവുകളെല്ലാം നിയന്ത്രിക്കുകയും വേണം.

കറന്റ് അക്കൗണ്ട് മിച്ചം ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. വിദേശനാണ്യത്തെ ആശ്രയിക്കേണ്ടാത്ത അവസ്ഥ. എന്നാല്‍ വിദേശനാണ്യം ഇന്ത്യയില്‍നിന്നു പുറത്തേക്കൊഴുകാന്‍ അനുവദിച്ചുകൂടാ. നിക്ഷേപ കാലാവസ്ഥയ്ക്ക് അനുകൂലമായ നിലപാടുകളും നടപടികളും സ്വീകരിച്ചു കൂടുതല്‍ വിദേശനാണ്യം ഇന്ത്യയിലെത്തിക്കാനാകണം ശ്രമം. മറ്റു പല വികസ്വര രാഷ്ട്രങ്ങളുടെയും നാണയങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ വിദേശനാണ്യ വിനിമയ നിരക്ക് ഏറെക്കുറെ സുസ്ഥിരമാണ്. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ അല്‍പം ദുര്‍ബലമായിട്ടുണ്ടാകാം. എന്നാല്‍ 25% വരെ വിലയിടിവു നേരിട്ട നാണയങ്ങളുണ്ട്.